തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കണം: എൻജിടി

ചെന്നൈ∙ തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയ തമിഴ്നാട് സർക്കാർ നടപടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) റദ്ദാക്കി. സർക്കാർ തീരുമാനം നിയമപരമായി നിലനിൽക്കാത്തതും ന്യായീകരണമില്ലാത്തതുമാണെന്ന നിരീക്ഷണത്തോടെയാണു നടപടി. പ്ലാന്റ് തുറക്കാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് മൂന്നാഴ്ചയ്ക്കകം നടപടി എടുക്കണം. 3 വർഷത്തിനകം പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനു കമ്പനി 100 കോടി രൂപ മുടക്കണമെന്നും ട്രൈബ്യൂണൽ വിധിയിൽ പറയുന്നു. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

പ്ലാന്റിന്റെ പ്രവർത്തനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ആരോപിച്ചു നാട്ടുകാർ നടത്തിയ സമരത്തിനിടെയുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണു കഴിഞ്ഞ മേയിൽ പ്ലാന്റ് അടച്ചുപൂട്ടിയത്.