മധുര∙ വിവാദ വ്യവസായസ്ഥാപനമായ വേദാന്തയുടെ തൂത്തുക്കുടിയിലെ ലോഹശുദ്ധീകരണ ശാലയിൽ സൾഫ്യൂരിക് ആസിഡ് ശേഖരിച്ചിരുന്ന പ്ലാന്റിൽ ചോർച്ച കണ്ടെത്തി. ഒരു മാസം മുൻപ്, ഈ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ പ്രദേശവാസികള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
ചോർച്ച ഗൗരവമുള്ളതല്ലെന്നും മുൻകരുതലെന്ന നിലയിൽ ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറിയിച്ചു. കൂടുതൽ പ്രശ്നങ്ങൾക്കു വഴിവയ്ക്കുംമുൻപ് ചോർച്ച പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ പ്ലാന്റിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി വേദാന്ത അധികൃതർ പറഞ്ഞു. പ്രക്ഷോഭത്തെ തുടർന്ന് ഈ കേന്ദ്രം അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു.