ചെന്നൈ∙ വിവാദങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കാൻ അനുമതി. കേന്ദ്ര ഹരിത ട്രൈബ്യൂണലാണ് (എൻജിടി) ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകി. പ്രദേശത്തു താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ ചെലവഴിക്കാന്‍ കമ്പനിയോടും ട്രൈബ്യൂണൽ നിർദേശിച്ചു.
പ്ലാന്റിനെതിരെ സമരം ചെയ്തവർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ 13 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മേയിലാണ് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ ‘വേദാന്ത’ കമ്പനി നൽകിയ അപ്പീലിലാണ് നടപടി. പാന്റ് അടച്ചുപൂട്ടന്നതിനു മുൻപുള്ള നടപടിക്രമങ്ങളിൽ സർക്കാർ വീഴ്ച വരുത്തിയതായി എൻജിടി നിയോഗിച്ച പാനൽ നിരീക്ഷിച്ചു. എൻജിടിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തമിഴ്നാട് പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പണ്ണൻ പറഞ്ഞു.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ഇലക്ട്രിക് വയറുകളിൽ ഉപയോഗിക്കുന്ന ചെമ്പ് നാരുകൾ, ട്രാൻസ്ഫോമറുകളിൽ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങൾ എന്നിവയാണു കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ബോക്സൈറ്റ്, അലുമിനിയം കണ്ടക്ടറുകൾ, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സൾഫ്യൂരിക് ആസിഡ്, ഫോസ്ഫറിക് ആസിഡ്, ഫോസ്ഫോ ജിപ്സം, എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉൽപാദിപ്പിക്കുന്നു.
കമ്പനിയുടെ കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണു നാട്ടുകാർ പ്രക്ഷോഭത്തിലേക്കു നീങ്ങിയത്.