ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രരൂപീകരണത്തിലും പ്രചാരണത്തിലും മുൻനിര റോളിൽ പ്രിയങ്ക വാധ്‌രയെ അവതരിപ്പിക്കാൻ കോൺഗ്രസ് നീക്കം. മുത്തശ്ശിയുടെ നിശ്ചയദാർഢ്യവും അമ്മയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്കയ്ക്കു രാഹുൽ ഗാന്ധിയുടെ വലംകയ്യായി നിലകൊണ്ട് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാനാകുമെന്നാണു നേതാക്കളുടെ കണക്കുകൂട്ടൽ. യുപിയിലെ അമേഠിയിലും റായ്ബറേലിയിലും മാത്രം പ്രചാരണം നടത്തുന്ന പതിവു രീതി വിട്ട് കൂടുതൽ മണ്ഡലങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പാക്കാൻ പാർട്ടി ശ്രമിക്കും.
അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിപ്പിക്കുന്നതും പരിഗണനയിലാണ്. കഴിഞ്ഞ ദിവസം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ പ്രിയങ്ക നിർണായക പങ്കു വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ പ്രതിഷേധമുയർത്തിയ സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും അനുനയിപ്പിച്ചു. ഇരുവരുമായും കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രശ്നപരിഹാരം എളുപ്പമാക്കി. വരും നാളുകളിൽ സഖ്യകക്ഷികളുമായുള്ള ചർച്ചകളിലും പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കു കൊള്ളുന്ന മറുപടി നൽകുന്നതിൽ പ്രിയങ്കയ്ക്കുള്ള മിടുക്ക് പ്രചാരണത്തിൽ ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. 56ന്റെ നെഞ്ചളവല്ല, വിശാല ഹൃദയമാണു വേണ്ടതെന്നു 2014 ൽ പ്രിയങ്ക പറഞ്ഞത് നേതാക്കൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
വരുന്നു, പുസ്തകവും
പ്രിയങ്ക തന്റെ രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാർച്ചോടെ പുറത്തിറങ്ങും. 300 പേജുള്ള പുസ്തകത്തിന് ‘എഗെൻസ്റ്റ് ഒൗട്ട്റേജ്’ എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് വിവരം.