ഭോപാൽ∙ മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ‘സിന്ധ്യ ഭരണം അവസാനിച്ചു’ ഗ്വാളിയർ രാജ്യം ഭരിച്ചിരുന്ന സിന്ധ്യ രാജകുടുംബത്തിലെ ആരും ഇപ്പോൾ ഒരിടത്തും മന്ത്രിസഭകളിലില്ല.
ബിജെപി പരാജയപ്പെട്ടതോടെ രാജസ്ഥാനിൽ വസുന്ധര രാജെയുടെ ഭരണം അവസാനിച്ചു. മധ്യപ്രദേശിൽ ബിജെപി വീണതോടെ ശിവ്‍രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ അംഗമായിരുന്ന വസുന്ധരയുടെ സഹോദരി യശോധരക്കും സ്ഥാനം നഷ്ടപ്പെട്ടു.
ഇരുവരുടെയും സഹോദര പുത്രൻ ജ്യോതിരാദിത്യ മധ്യപ്രദേശിൽ ഭരണം നേടിയ കോൺഗ്രസിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനം കിട്ടിയതുമില്ല. കോൺഗ്രസിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ കാരണം തലനാരിഴയ്ക്കാണ് ജ്യോതിരാദിത്യക്ക് സ്ഥാനം നഷ്ടപ്പെട്ടത്. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല.
വസുന്ധരയും യശോധരയും എംഎൽഎമാരാണ്. ലോക്സഭാംഗമായ ജ്യോതിരാദിത്യ മൽസരിച്ചിരുന്നില്ല. കേന്ദ്ര മന്ത്രിസഭയിലും സിന്ധ്യ കുടുംബത്തിൽ നിന്ന് ആരുമില്ല.
20 വർഷത്തെ ‘സിന്ധ്യ ഭരണം’
1998 – 2003: വസുന്ധര രാജെ കേന്ദ്രമന്ത്രി
2003 –2008: വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രി
2007 – 2014: ജ്യോതിരാദിത്യ കേന്ദ്രമന്ത്രി
2013 – 18 : വസുന്ധര വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രി
2013 – 18: യശോധര രാജെ മധ്യപ്രദേശ് മന്ത്രി