തമിഴ്നാട്ടിൽ ഇന്നുമുതൽ പ്ലാസ്റ്റിക് നിരോധനം

ചെന്നൈ ∙ ഒറ്റത്തവണ  ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന  പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു തമിഴ്നാട്ടിൽ ഇന്നുമുതൽ നിരോധനം. ഇത് കർശനമായി നടപ്പാക്കാൻ 10,000 സ്ക്വാഡുകൾ രൂപീകരിച്ചു. നിരോധനം ലംഘിക്കുന്നവർക്ക് 5000 രൂപവരെ പിഴ ചുമത്താനാണ് നിർദേശം.

പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളിൽ വിരിക്കുന്ന ഷീറ്റ്,സ്ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾക്കും പ്ലേറ്റുകൾക്കുംവരെ നിരോധനമുണ്ട്. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സർക്കാർ നിരോധനം പ്രഖ്യാപിച്ചത്.

പ്ലാസ്റ്റിക് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചു.  നിരോധനം ഏറ്റവുമധികം ബാധിക്കുന്ന ഹോട്ടൽ മേഖലയിൽ അലൂമിനിയം പാത്രങ്ങളിൽ പാഴ്സൽ നൽകുന്നതുൾപ്പെടെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വാഴയിലയ്ക്കും താമരയിലയ്ക്കും വില കൂടുമെന്നാണ് നിഗമനം.

കേരളമുൾപ്പെടെ  അയൽ  സംസ്ഥാനങ്ങളിൽ നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടത്തുന്നതു തടയാൻ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയുണ്ടാകുമെന്നും അറിയിപ്പുണ്ട്.