Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു

Ahammed E

ന്യൂഡൽഹി∙ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു ഡൽഹി പൊലീസിനും ആർഎംഎൽ ആശുപത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ്. മരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ പൊലീസ് കമ്മിഷണർക്കും ആശുപത്രി സൂപ്രണ്ടിനുമുള്ള നോട്ടിസിൽ കമ്മിഷൻ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് എംഎൽഎമാരായ പാറയ്ക്കൽ അബ്ദുള്ള, പി.കെ.ബഷീർ, കേരള മുസ്‌ലിം കൾച്ചറൽ സെന്റർ നേതാവ് സയ്യിദ് മർസൂഖ് ബാഫഖി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ മാസം 31നു പാർലമെന്റിൽ കുഴഞ്ഞുവീണതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഹമ്മദ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായെന്നു സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.

അഹമ്മദിന്റെ മരണം ആശുപത്രി അധികൃതരും കേന്ദ്ര സർക്കാരും മണിക്കൂറുകളോളം മറച്ചുവച്ചു. അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കളോടു മോശമായി പെരുമാറി. രോഗിയുടെ ബന്ധുക്കൾക്കു ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇടപെടലിനെ തുടർന്ന് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു ദുരൂഹനീക്കങ്ങളുണ്ടായി. ബന്ധുക്കളോടോ ഒപ്പമുണ്ടായിരുന്നവരോടോ ആലോചിക്കാതെ അഹമ്മദിനെ ട്രോമാ കെയറിലേക്കു മാറ്റുകയും ആരോഗ്യവിവരങ്ങൾ മറച്ചുവയ്ക്കുകയും ചെയ്തു. ആശുപത്രിയിൽ നടന്ന സംഭവങ്ങളിൽ വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു.

Your Rating: