Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻമന്ത്രി ഇ.അഹമ്മദിന്റെ ഓർമയ്ക്ക് രാജ്യതലസ്ഥാനത്തിന്റെ ആദരം

E Ahmed commemorative function കെഎംസിസി ഡൽഹി സംഘടിപ്പിച്ച ഇ.അഹമദ് അനുസ്മ‌രണച്ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പ്രസംഗിക്കുന്നു. ഗുലാംനബി ആസാദ്, എ.കെ. ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഡോ. മൻമോഹൻ സിങ്, സീതാറാം യച്ചൂരി, ഡി. രാജ എന്നിവർ സമീപം.

ന്യൂഡൽഹി ∙ നിർണായക ഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളതയോടെ നിലനിർത്തുന്നതിൽ ഇ.അഹമ്മദിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ഡൽഹി കെഎംസിസി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഉൾപ്പെടെ രാഷ്ട്രീയ, നയതന്ത്ര, അക്കാദമിക് മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സമ്മേളനം വിടപറഞ്ഞ നേതാവിനുള്ള രാജ്യതലസ്ഥാനത്തിന്റെ ആദരമായി മാറി. അഹമ്മദിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

വിദേശകാര്യമന്ത്രിയെന്ന നിലയിൽ അഹമ്മദ് നൽകിയ സംഭാവനകൾക്കു രാജ്യം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നു മൻമോഹൻ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതവും സേവനവും തലമുറകൾക്കു പ്രചോദനമാണ്. തന്റെ മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ നയതന്ത്രരംഗത്ത് അദ്ദേഹം കാണിച്ച മികവിനെ ആദരമോടെയാണ് ഓർക്കുന്നതെന്നു മുൻ പ്രധാനമന്ത്രി പറഞ്ഞു.

പലസ്തീൻ വിഷയത്തിൽ മാനവികതയ്ക്ക് ഊന്നൽ നൽകി അദ്ദേഹം സ്വീകരിച്ച നിലപാടുകൾ എടുത്തുപറയേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി അനുസ്മരിച്ചു. രാജ്യത്തിനു പുറത്ത് ഇന്ത്യൻ മതനിരപേക്ഷതയുടെ തിളക്കമാർന്ന മുഖമായിരുന്നു ഇ.അഹമ്മദെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു. രാജ്യത്തിന്റെ അഭിമാന പുത്രനായ അദ്ദേഹത്തിന്റെ മരണസമയത്തു രാജ്യവും കേന്ദ്രസർക്കാരും നീതി കാട്ടിയില്ലെന്ന് ആന്റണി പറഞ്ഞു.

പ്രവർത്തിച്ച മേഖലയിലെല്ലാം വ്യക്തിമുദ്ര പതിച്ച ഇ.അഹമ്മദ് നല്ലൊരു മനുഷ്യൻകൂടിയായിരുന്നുവെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരുടെ പട്ടികയിൽ ഇ.അഹമ്മദ് മുൻനിരയിൽത്തന്നെയുണ്ടാകുമെന്നു രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി അനുസ്മരിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുൻ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, പലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹാജ്, മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ, കെഎംസിസി ഡൽഹി പ്രസിഡന്റ് ഹാരിസ് ബീരാൻ, കേരളത്തിൽനിന്നുള്ള എംപിമാർ തുടങ്ങിയവർ പ്രസംഗിച്ചു.

രോഗികളുടെ അവകാശം: ബിൽ വേണമെന്ന് ഡോ. ഫൗസിയ

ന്യൂഡൽഹി ∙ ഇ.അഹമ്മദിനോടുള്ള ആദരമായി രോഗികളുടെ അവകാശ സംരക്ഷണ ബിൽ ഉടൻ പാർലമെന്റിൽ പാസാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് അദ്ദേഹത്തിന്റെ മകൾ ഡോ. ഫൗസിയ ഷെർഷാദ്. ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഫൗസിയയുടെ വികാരനിർഭരമായ ആവശ്യം. രാജ്യത്തെ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ആർഎംഎൽ ആശുപത്രിയിൽ തങ്ങൾക്കു നേരിട്ട അനുഭവം. അഹമ്മദിന്റെ മകൻ നസീർ അഹമ്മദും അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.

Your Rating: