Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദിന്റെ മരണം: പാർലമെന്റ് സമിതി അന്വേഷണം തേടി എംപിമാർ

e-ahmed-9

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ മരണത്തെക്കുറിച്ചു പാർലമെന്റ് സമിതി അന്വേഷിക്കണമെന്നു കേരള എംപിമാർ പ്ര‌ധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പാർലമെന്റിന്റെ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന നിവേദനവും കൈമാറി.

കോ‍ൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) പ്രത്യേക യോഗം അഹമ്മദിന്റെ വേർ‌പാടിൽ അനുശോചിച്ചു. മരണവിവരം മറച്ചുവച്ചതു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു. റാം മനോഹർ ലോഹ്യ ആശുപത്രിക്കെതിരെ മുസ്‌ലിം ലീഗ് വക്താവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭയിൽ അവ‌കാശലംഘന നോട്ടിസ് നൽകിയിട്ടുണ്ട്.

ബിജെപി പ്രതിനിധികളായ സുരേഷ് ഗോപിയും റിച്ചാർഡ് ഹേയും ഒഴികെയുള്ള കേരള എംപിമാർ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, സിപിഐ അഖിലേന്ത്യാ സെ‌ക്രട്ടറി ഡി. രാജ എ‌ന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. 56 പ്രതിപക്ഷ എംപിമാർ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചതായി മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ, ബജറ്റിനു തടസ്സമുണ്ടാകാതിരിക്കാൻ മരണവിവരം മറച്ചുവച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിനോടു പാർട്ടിക്ക് എതിർപ്പില്ലെന്നു പാർലമെന്ററി കാര്യമന്ത്രി അനന്ത്കുമാറിനെ അറിയിച്ചിരുന്നു.

എന്നിട്ടും വളരെ ദുഃഖകരമായ സമീപനമാണു സർക്കാർ നിർദേശപ്രകാരം റാം മനോഹർ ലോഹ്യ ആശുപത്രിയിൽ നിന്നുണ്ടായത്. അഹമ്മദിന്റെ മരണം നേരത്തേ സംഭവി‌ച്ചെന്ന് ആശുപത്രിയിലെ ഡോക്ടർ തന്നോടു പറഞ്ഞതായി എം.കെ. രാഘവൻ എംപിയും വെളിപ്പെടുത്തി. ഇ. അഹമ്മദിന് അവസാന മണിക്കൂറുകളിൽ നേരിടേണ്ടിവന്നതു ചരിത്രത്തിൽപ്പോലും കേട്ടുകേൾവിയില്ലാത്ത ദുരനുഭവമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സിപിപിയുടെയും യുപിഎ സഖ്യകക്ഷികളുടെയും യോഗത്തിൽ പറഞ്ഞു.

ലോകത്തിനു മുന്നിൽ മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്നു അഹമ്മദ്. സിപിപി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷത വഹിച്ചു. വയലാർ രവി, ജ്യോതിരാദിത്യ സിന്ധ്യ, എം. വീരപ്പ മൊയ്‌ലി, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ജോയി ഏബ്രഹാം, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Your Rating: