Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ സർക്കാരിന്റെ മദ്യനിരോധന നയം അട്ടിമറിക്കരുതെന്ന് കെസിബിസി

യുഡിഎഫ് സർക്കാരിന്റെ മദ്യനയമായിരുന്നു നല്ലതെന്നും ഇടയലേഖനം തിരുവനന്തപുരം∙ മുൻ സർക്കാരിന്റെ സമ്പൂർണ മദ്യനിരോധന നയം ഈ സർക്കാർ അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നു കെസിബിസി. മദ്യലഭ്യത കുറച്ചുകൊണ്ടുവരാൻ മദ്യ നിയന്ത്രണം വേണം. അതിനു മദ്യവർജനം മാത്രം പോരാ.

ഇക്കാര്യത്തിൽ വ്യക്തമായ നയം ഈ സർക്കാരിന് ഉണ്ടാകണം. മദ്യനിരോധനത്തിൽനിന്നുള്ള തിരിച്ചുപോക്ക് വലിയ വിനാശത്തിനു കാരണമാകും– കെസിബിസി മദ്യവിരുദ്ധസമിതിയുടെ സർക്കുലറിൽ ചൂണ്ടിക്കാട്ടി. ഈ സർക്കാരിന്റെ മദ്യനയത്തെക്കാൾ നല്ലതു യുഡിഎഫ് സർക്കാരിന്റെ മദ്യനയമായിരുന്നു.

മദ്യനിരോധനം, മദ്യവർജനം എന്നീ സമീപനങ്ങളിൽ ഏതാണു സമൂഹത്തിനു നന്മയുണ്ടാക്കുന്നതും പ്രായോഗികവും എന്നതു വ്യക്തമാണ്. മദ്യവർജനം ഒരാൾ സ്വമേധയാ എടുക്കേണ്ട നിലപാടാണ്. അതേസമയം, വ്യക്തിയല്ല മറിച്ചു സർക്കാരാണു മദ്യനിരോധനം നടപ്പിലാക്കേണ്ടത്.

മദ്യ ഉൽപാദനം,സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച നിയമനിർമാണത്തിനും നിലവിലുള്ള നിയമപ്രകാരം നിരോധനം കൊണ്ടുവരാനും സർക്കാരിനു മാത്രമേ അധികാരമുള്ളൂ. മദ്യവർജനം മതിയെന്ന സമീപനം സംസ്ഥാനത്ത് എത്രമാത്രം പ്രായോഗികമാണെന്നു സംശയിക്കണം.

മദ്യ ലഭ്യതയിലും ഉപയോഗത്തിലും സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണമാണു മദ്യവർജനത്തിലേക്കുള്ള പ്രധാന നടപടി. പത്തു വർഷംകൊണ്ടു ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന സമ്പൂർണ മദ്യനിരോധനമാണു കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചത്.

എന്നാൽ 10% ബെവ്കോ ഔട്ട്‍ലെറ്റുകൾ എല്ലാ ഒക്ടോബർ രണ്ടിനും അടച്ചുപൂട്ടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം മദ്യവർജനമാണു നയം എന്നു പ്രഖ്യാപിച്ച് ഈ സർക്കാർ റദ്ദാക്കി. ഇത്തരം നടപടികൾ ആശാസ്യമല്ലെന്നും കേരളത്തിലെ സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദേവാലയങ്ങളിലും വായിക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധസമിതി തയാറാക്കിയ സർക്കുലറിൽ മുന്നറിയിപ്പു നൽകി.

related stories