Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യ വധക്കേസ്: പിഴവുതിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി

govindachami-soumya-murder-case

ന്യൂഡൽഹി ∙ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിയിലെ പിഴവു തിരുത്തണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. പിഴവുതിരുത്തൽ ഹർജി പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ള കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുകയാണെന്നു ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ആറംഗ ബെഞ്ച് ഉത്തരവിൽ വ്യക്‌തമാക്കി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയും മാനഭംഗത്തിനു വിചാരണക്കോടതി നൽകിയ ജീവപര്യന്തം തടവു നിലനിർത്തിയും കഴിഞ്ഞ വർഷം സെപ്‌റ്റംബർ 15ന് ആണു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നാണ് ആ വിധിയിൽ സുപ്രീം കോടതി വിലയിരുത്തിയത്. ഇതിനെതിരെ സർക്കാരും സൗമ്യയുടെ മാതാവ് സുമതിയും നൽകിയ പുനഃപരിശോധനാ ഹർജികൾ, ഏതാനും മണിക്കൂർ വാദം കേട്ട്, സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചശേഷം, കഴിഞ്ഞ നവംബർ 11നു തള്ളി. തുടർന്നാണ്, സർക്കാർ പിഴവുതിരുത്തൽ ഹർജി നൽകിയത്.

പിഴവുതിരുത്തൽ ഹർജി പരിഗണിക്കുന്നതു രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ്. ഒന്ന്: കക്ഷിയാക്കാതെ പ്രതികൂല വിധി നൽകിയോ, കക്ഷിയായിട്ടും നോട്ടിസ് നൽകാതെ നടപടികളെടുത്തോ സ്വാഭാവിക നീതി നിഷേധിച്ചെന്നു പരാതിയുണ്ടാവണം. രണ്ട്: വിധി പറഞ്ഞ ജഡ്‌ജിക്കു പക്ഷപാതപരമായ താൽപര്യങ്ങളുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടാവണം. 2002ൽ രൂപ അശോക് ഹൂറയും അശോക് ഹൂറയും തമ്മിലുള്ള കേസിലെ വിധിയിലാണു പിഴവുതിരുത്തൽ ഹർജിയെന്ന സംവിധാനം സുപ്രീം കോടതി മുന്നോട്ടുവച്ചത്. പിഴവുതിരുത്തൽ ഹർജികൾ അനുവദിക്കുന്നത് അത്യപൂർവമാണ്. 

തൂക്കുകയർ പ്രതീക്ഷിച്ചു: സൗമ്യയുടെ അമ്മ സുമതി

‘സുപ്രീം കോടതി തീരുമാനത്തിൽ ഗോവിന്ദച്ചാമിക്ക് തൂക്കുകയർ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ വലിയ ദുഃഖമുണ്ട്. മകളുടെ ഘാതകനെ കഴുമരത്തിലേറ്റാൻ ഏതറ്റം വരെയും ഇനിയും പോകും. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ഇനിയൊരു സൗമ്യ ആവർത്തിക്കാതിരിക്കാൻ പ്രതി ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ തന്നെ വേണം’

ജീവിതാന്ത്യം വരെ ജയിലിൽ (സർക്കാർ വിട്ടില്ലെങ്കിൽ)

govindachami-soumya-murder

പിഴവുതിരുത്തൽ ഹർജിയെന്ന അവസാന മാർഗവും അടഞ്ഞു. ഗോവിന്ദച്ചാമി അനുഭവിക്കേണ്ട ശിക്ഷകൾ ഇവ:

∙ പീഡനത്തിനു ജീവപര്യന്തം തടവ്, ഒരുലക്ഷം രൂപ പിഴ. (പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം തടവ്). ജീവപര്യന്ത്യം തടവ് ജീവിതാന്ത്യം വരെയാണ് – ഇളവു നൽകാൻ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ.

∙ ഗുരുതരമായി മുറിവേൽപിച്ചതിന് ഏഴുവർഷം കഠിനതടവ്.

∙ മോഷണത്തിനായി മുറിവേൽപിക്കൽ, മരണപ്പെടുത്തിയോ മുറിവേൽപിച്ചോ ഉള്ള മോഷണം എന്നീ കുറ്റങ്ങൾക്ക് ഏഴുവർഷം തടവും ആയിരം രൂപ പിഴയും. (പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം  കൂടി തടവ്).

∙ കുറ്റകരമായ കടന്നുകയറ്റത്തിനു മൂന്നുമാസം കഠിനതടവ്.