Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനനഷ്ടക്കേസിൽ ഷേർലി വാസു ഹാജർ; കുറ്റം ചെയ്തിട്ടില്ലെന്ന് വാദം

Sherly-Vasu

തൃശൂർ∙ കോടതിയുടെ കർശന നിർദേശത്തിനൊടുവിൽ, മാനനഷ്ടക്കേസിൽ ഡോ. ഷേർലി വാസു വിചാരണയ്ക്കു ഹാജരായി. സൗമ്യ കേസുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജിലെ ഫൊറൻസിക് അസോഷ്യേറ്റ് പ്രഫസർ ഡോ. ഉന്മേഷ് ഫയൽ ചെയ്ത കേസിലാണ് ഹാജരായത്.

കുറ്റപത്രം വായിച്ചുകേട്ടതിനുശേഷം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇവർ കോടതിയിൽ ബോധിപ്പിച്ചു. കേസ് 16ന് വീണ്ടും വിചാരണയ്ക്കെടുക്കും.

മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലും ഫൊറൻസിക് വിഭാഗം മുൻ മേധാവിയുമായ ഡോ. ഷേർലി വാസു 2011ൽ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഡോ. ഉന്മേഷിനെതിരെ നടത്തിയ പരാമർശങ്ങളാണ് മാനനഷ്ടക്കേസിനിടയാക്കിയത്. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ഷേർലി വാസു നടത്തിയ അഭിപ്രായപ്രകടനങ്ങൾ അപകീർത്തിക്കിടയാക്കി എന്നാരോപിച്ച് ഉന്മേഷ് ചീഫ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.

പരാതി ഫയലിൽ സ്വ‍ീകരിച്ച കോടതി ഷേർലി വാസുവിനെ പ്രതിചേർക്കുകയും കേസെടുക്കുകയും ചെയ്തു. കേസ് വിളിക്കുമ്പോഴെല്ലാം കോടതിയിൽ ഹാജരാകാൻ പ്രായാധിക്യം അനുവദിക്കുന്നില്ലെന്നും ഇളവ് നൽകണമെന്നും ഷേർലി വാസു കോടതിയോട് അഭ്യർഥിച്ചിരുന്നു. ഈ ആവശ്യം അനുവദിച്ചെങ്കിലും കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഹാജരാകണമെന്നു കോടതി നിർദേശിച്ച ദിവസം ഷേർലി വാസു ഹാജരായിരുന്നില്ല.

ഇന്നലെ നിർബന്ധമായി എത്തണമെന്ന നിർദേശം പാലിച്ചാണ് കോടതിയിലെത്തിയത്.