പിഎച്ച്ഡി പ്രബന്ധ കോപ്പിയടി: കേരള പിവിസിയിൽ നിന്ന് വിദഗ്ധ സമിതി തെളിവെടുക്കും

തേഞ്ഞിപ്പലം∙ പിഎച്ച്ഡി പ്രബന്ധ കോപ്പിയടി കേസിൽ നടപടി എടുക്കാതിരിക്കാൻ അന്തിമമായി എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ അവസരം എന്ന നിലയ്ക്ക് കേരള സർവകലാശാലാ പിവിസി ഡോ. എൻ. വീരമണികണ്ഠനെ വിദഗ്ധ സമിതി മുൻപാകെ വിളിച്ചുവരുത്താൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനം.

കാലിക്കറ്റ് വിസി ഡോ. കെ.മുഹമ്മദ് ബഷീർ അധ്യക്ഷനായി ഇതിനായി സമിതിയെ നിയോഗിച്ചു. കാലിക്കറ്റിൽ നിന്ന് മനഃശാസ്ത്രത്തിലുള്ള ഡോ. വീരമണികണ്ഠന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ കണ്ടെത്തലുകൾ പലതും മറ്റു പലരുടേതും പകർത്തിയതാണെന്ന് കാണിച്ച് കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗവും കെപിസിസി സെക്രട്ടറിയുമായിരുന്ന ജ്യോതി കുമാർ ചാമക്കാല നൽകിയ പരാതിയുടെ വെളിച്ചത്തിലാണിത്.

വീരമണികണ്ഠൻ കാലിക്കറ്റിൽനിന്ന് പിഎച്ച്ഡി നേടിയപ്പോൾ ബന്ധപ്പെട്ട ഗവേഷണ നിയമം നിലവിലില്ലായിരുന്നുവെന്നും അധാർമികമായി എന്തെങ്കിലും പ്രവർത്തിച്ച വ്യക്തിക്ക് എതിരായേ നടപടി പാടുള്ളുവെന്നും അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം തള്ളിയാണ് സിൻഡിക്കറ്റ് വീരമണികണ്ഠനെ വിളിച്ചുവരുത്തുന്നത്. രണ്ടു ഘട്ടങ്ങളിലായി ഇന്ത്യയിലെ മൂന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധർ വീരമണികണ്ഠന്റെ പ്രബന്ധം പഠിച്ച് വാഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതനുസരിച്ച് സിൻഡിക്കറ്റ് അംഗം ഡോ. കെ.എം.നസീറിന്റെ നേതൃത്വത്തിലുള്ള സമിതി വീരമണികണ്ഠൻ, അദ്ദേഹത്തിന്റെ ഗൈഡ് ഡോ. ജോൺ ബേബി, പരാതിക്കാരൻ ജ്യോതി കുമാർ ചാമക്കാല എന്നിവരിൽനിന്ന് തെളിവെടുത്ത ശേഷം നൽകിയ റിപ്പോർട്ടും വീരമണികണ്ഠന് എതിരായിരുന്നു.

എന്നാൽ, വീരമണികണ്ഠൻ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ മേൽ നടപടി എടുക്കാനാകാതെ സിൻഡിക്കറ്റിന് ഫയൽ മാറ്റിവയ്ക്കേണ്ടി വന്നു. ഭരണമാറ്റത്തെ തുടർന്ന് വീണ്ടും വിഷയം ഉയർന്നപ്പോഴാണ് നിയമോപദേശത്തിന് വിട്ടത്. നിയമോപദേശം വീരമണികണ്ഠന് അനുകൂലമായെങ്കിലും സിൻഡിക്കറ്റിന് അത് സ്വീകാര്യമായില്ല.

തുടർന്നാണ് വീരമണികണ്ഠനിൽനിന്ന് വീണ്ടും വാദം കേൾക്കാൻ വിസി അധ്യക്ഷനായ സമിതി തീരുമാനിച്ചത്.