Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റ് വിസിക്ക് യുജിസി യോഗ്യതയില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം

calicut university

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ.മുഹമ്മദ് ബഷീറിന് വൈസ് ചാൻസലർ പദവിക്ക് യുജിസി അനുശാസിക്കുന്ന യോഗ്യത ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതോടെ കേസ് പുതിയ തലത്തിലേക്ക്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഡോ. ബഷീറിനെ വിസിയായി നിയമിച്ചത്. ചാൻസലർകൂടിയായ ഗവർണർ ജസ്റ്റിസ് പി.സദാശിവം അന്ന് അത് അംഗീകരിക്കുകയും ചെയ്തു.

വാഴ്സിറ്റികളിൽ‍ 10 വർഷത്തെ പ്രഫസർഷിപ്, ഇല്ലെങ്കിൽ പ്രശ്സത ഗവേഷണ സ്ഥാപനങ്ങളിൽ അക്കാദമിക്, ഭരണപരിചയം എന്നിവയാണ് വിസി സ്ഥാനത്തിന് യുജിസി നിഷ്കർഷിക്കുന്ന നിബന്ധനയെന്നും ബഷീറിന് അതില്ലെന്നും ആണ് സർക്കാരിന്റെ സത്യവാങ്മൂലം. എന്നാൽ, അരീക്കോട് എസ്എസ് കോളജ് പ്രിൻസിപ്പൽ പദവി, കേരള സർവകലാശാലാ റജിസ്ട്രാർ സ്ഥാനം എന്നിങ്ങനെ 10 വർഷത്തിലേറെ സേവനമനുഷ്ഠിച്ചത് വിസി സ്ഥാനത്തിനുതന്നെ അർഹനാക്കുന്നുവെന്നും അത് ഗവർണർക്ക് ബോധ്യപ്പെട്ടതാണെന്നും ആണ് ഡോ. കെ.മുഹമ്മദ് ബഷീറിന്റെ വാദം.

വിസി യോഗ്യനല്ലെന്ന് വാഴ്സിറ്റിയിലെ സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാവ് ഡോ. ബി.എസ്.ഹരികുമാരൻ തമ്പിയും വിസിയെ നിയമിച്ചതിൽ പാളിച്ച ഉണ്ടെന്ന നിലയ്ക്ക് വാഴ്സിറ്റി മുൻ സംസ്കൃതം വകുപ്പ് മേധാവിയും സിപിഎം സഹയാത്രികരുമായ ഡോ. എൻ.വി.പി.ഉണിത്തിരിയും നൽകിയ കേസുകളാണ് ഹൈക്കോടതിയിലുള്ളത്. രണ്ടു ഹർജിക്കാർക്കും അനുകൂലമായി സർക്കാറിന്റെ സത്യവാങ്മൂലവും ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുകയാണ്.