തിരുവനന്തപുരം∙ നിയമപരമായി ഇംഗ്ലിഷും ന്യുനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ, എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും മലയാളം മാത്രമാണ് ഉപയോഗിക്കുന്നതെന്നു വകുപ്പുതലവന്മാരും ഓഫിസ്മേധാവികളും ഉറപ്പുവരുത്തണമെന്നു സർക്കാർ ഉത്തരവ്.
സെക്രട്ടേറിയറ്റ് ഉൾപ്പെടെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിൽ ഈ മാസം ഒന്നു മുതൽ ഔദ്യോഗികഭാഷയായി മലായളം ഉപയോഗിക്കുന്നതു നിർബന്ധമാക്കിയും ഉത്തരവുകളും സർക്കുലറുകളും കത്തുകളും ഫയൽ നടപടികളും റിപ്പോർട്ടുകളും മലയാളത്തിൽ തന്നെയായിരിക്കണം എന്നു നിഷ്കർഷിച്ചും മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തിയിരുന്നു.