Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ പിജി ഫീസ് വർധന: നിയമസഭയിൽ പ്രതിപക്ഷ ബഹളം

kerala-assembly

തിരുവനന്തപുരം∙ മെഡിക്കൽ പിജി കോഴ്‌സ് ഫീസ് കുത്തനെ കൂട്ടിയതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെത്തുടർന്നു സഭ അൽപസമയം നിർത്തിവച്ചു. മെറിറ്റ്, മാനേജ്‌മെന്റ് വ്യത്യാസമില്ലാതെ എല്ലാ സീറ്റിലും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽനിന്നു പ്രവേശനം നടത്തണമെന്ന പുതിയ സാഹചര്യമാണു ഫീസ് വർധനയ്ക്കു കാരണം എന്ന മന്ത്രി കെ.കെ.ശൈലജയുടെ വിശദീകരണം പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല.

സ്വാശ്രയ മാനേജ്മെന്റിന്റെ അക്കൗണ്ടന്റിനെപ്പോലെയാണു മന്ത്രി വിശദീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷം പിന്നീട് ഇറങ്ങിപ്പോയി. മുഴുവൻ സീറ്റിലും നീറ്റ് മെറിറ്റിൽനിന്നു പ്രവേശനം നടത്തണമെന്ന കോടതി വിധിയോടെ സർക്കാർ ഭാഗം കൂടുതൽ ശക്തമായിട്ടും സർക്കാർ അയഞ്ഞുകൊടുത്തതിനു പിന്നിൽ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച വി.ടി.ബൽറാം ചോദിച്ചു. 115 ശതമാനമാണ് ഫീസ് കൂട്ടിയത്.

ഇടതു യുവജന സംഘടനകൾ എങ്ങനെ ഈ ഫീസ് വർധനയെ ന്യായീകരിക്കും? പിജി വിദ്യാർഥികൾ ആശുപത്രിയിൽ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമാണ് സ്റ്റൈപൻഡ്. ഇത് എങ്ങനെ ഫീസായി കമ്യൂണിസ്റ്റ് സർക്കാരിനു കാണാൻ കഴിയും? ബലറാം ചോദിച്ചു. മുൻ വർഷങ്ങളിലെപ്പോലെ 50:50 അനുപാതത്തിൽ സീറ്റ് വിഭജനം കോടതി വിധിയോടെ സാധ്യമാകാതെ വന്നതിനെത്തുടർന്നു ഫീസ് റഗുലേറ്ററി കമ്മിറ്റിയാണു ഫീസ് നിശ്ചയിച്ചതെന്നു മന്ത്രി ശൈലജ മറുപടി നൽകി.

ക്രിസ്ത്യൻ മാനേജ്‌മെന്റുകളുമായുള്ള ചർച്ചയിൽ ഈ ഫീസ് ഘടന അംഗീകരിച്ചു. അതല്ലാതെ സർക്കാരായി ഫീസ് കൂട്ടിയില്ല. ഫീസിൽ ഒരു ഭാഗം കുട്ടികൾക്കു സ്റ്റൈപൻഡായി ലഭിക്കും. ഇതു കിഴിച്ചാൽ ക്ലിനിക്കൽ വിഭാഗത്തിൽ എട്ടര ലക്ഷവും നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 3.34 ലക്ഷവുമാണു ഫീസ്. കോഴ വാങ്ങാനുള്ള സാഹചര്യം ഒഴിവാക്കി ഈ രംഗത്തെ ശുദ്ധീകരിക്കുകയാണു സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു

പിജി കോഴ്‌സിന്റെ ഫീസ് പ്രതിവർഷം 6.5 ലക്ഷത്തിൽനിന്നു 14 ലക്ഷമായും നോൺ ക്ലിനിക്കൽ കോഴ്‌സുകളുടേത് 2.6ൽ നിന്ന് എട്ടു ലക്ഷമായും ഉയർത്തിയതു ചരിത്രത്തിലെ ഏറ്റവും വലിയ വർധനയല്ലേ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പാവപ്പെട്ട വിദ്യാർഥികൾക്കു സർക്കാരും മാനേജ്‌മെന്റും സ്‌കോളർഷിപ്പെങ്കിലും ഏർപ്പെടുത്തി സഹായിക്കണം. ആദ്യ ചർച്ചയിൽ തന്നെ അവർ പറഞ്ഞ ഫീസ് സർക്കാർ സമ്മതിക്കുന്ന പരിഹാസ്യമായ സംഭവമാണ് ഉണ്ടായത്. സ്റ്റൈപൻഡ് ഇനത്തിൽ നൽകുന്ന തുക ഫീസിന്റെ കണക്കിൽനിന്നു കുറയ്ക്കണം എന്ന മന്ത്രിയുടെ വാദം അവരുടെ അക്കൗണ്ടന്റിന്റേതാണ്. കൂത്തുപറമ്പിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന മന്ത്രി പഴയതെല്ലാം മറന്നോ? പിജി സീറ്റിന്റെ നിരക്ക് ഇതാണെങ്കിൽ എംബിബിഎസിന് എന്തായിരിക്കും എന്നതാണ് ഇപ്പോഴത്തെ ആശങ്ക– ചെന്നിത്തല പറഞ്ഞു.

തുടർന്നു പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളം കനത്തതോടെ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്നു വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷം സഭ വിട്ടു.