തിരുവനന്തപുരം∙ നാളെ കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കൂടി ഇരിപ്പിടം അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇരുവർക്കും പി.ടി.തോമസ് എംഎൽഎയ്ക്കും കൂടി വേദിയിൽ ഇരിപ്പിടം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തു പരിഗണിച്ചാണു നടപടി. പി.ടി.തോമസിന് ഇരിപ്പിടമില്ല.
വേദിയിൽ 17 പേർ സന്നിഹിതരാകുമെന്നാണു സംസ്ഥാന സർക്കാർ ആദ്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് തയാറാക്കിയ പട്ടികയിൽ ആറു പേർക്കു മാത്രമായിരുന്നു വേദിയിൽ സ്ഥാനം. ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ചാണ്ടി, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എംപി എന്നിവർ.
ഇതിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും മാത്രമാണു പ്രസംഗിക്കാൻ അവസരം അനുവദിച്ചത്. മെട്രോയുടെ അമരക്കാരനായ ഇ. ശ്രീധരനെ ഒഴിവാക്കിയതു വിവാദമായതിനെ തുടർന്നാണ് അദ്ദേഹത്തെയും രമേശ് ചെന്നിത്തലയെയും പി.ടി. തോമസിനെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തയച്ചത്. മറുപടിയായി ലഭിച്ച കത്തിൽ ഇരുവരെയും കൂടി ഉൾപ്പെടുത്തിയുള്ള കാര്യപരിപാടിയുമുണ്ട്.
ഇ. ശ്രീധരൻ കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ ഉണ്ടാകുമെന്നു കത്തു ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഉദ്ഘാടനത്തിൽ പങ്കെടുത്തു പ്രസംഗിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നൽകിയ പട്ടികയിലും ഇ. ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.