കൊച്ചി ∙ ലോജിസ്റ്റിക്സ്, ഡിജിറ്റൽ, ഗ്യാസ് തുടങ്ങിയ മേഖലകളിലൂന്നിയ അടുത്ത തലമുറ വികസനത്തിലാണു കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഗരാസൂത്രണത്തിൽ ജനപക്ഷ കാഴ്ചപ്പാടോടെ വലിയ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. 2021ൽ കൊച്ചിയിലെ ജനസംഖ്യ 23 ലക്ഷമായി ഉയരും. അടിസ്ഥാന സൗകര്യങ്ങൾ ഇതിനനുസൃതമായി വർധിക്കേണ്ടതുണ്ട്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മെട്രോ പോലെയുള്ള മാസ് റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റം (എംആർടിഎസ്) അതിനാൽ അനിവാര്യമാണ്.
കൊച്ചി മെട്രോ പദ്ധതിക്കായി കേന്ദ്രം ഇതുവരെ 2000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സിഗ്‌നലിങ് സംവിധാനമുള്ള രാജ്യത്തെ ആദ്യ മെട്രോയാണിത്. വിവിധ പൊതുഗതാഗത മാർഗങ്ങൾ സംയോജിപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പമുണ്ട്. കാർ, ബസ്, ഓട്ടോ എന്നിവയിലും ഉപയോഗിക്കാൻ കഴിയുന്ന കൊച്ചി വൺ കാർഡ് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ യാത്രാ കാർഡാണ്.
മൂന്നു വർഷമായി രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനാണു കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. എട്ടു ലക്ഷം കോടി രൂപയുടെ 175 പദ്ധതികൾ പ്രഗതി മോണിറ്ററിങ് സംവിധാനം വഴി അവലോകനം ചെയ്യുന്നുണ്ട്. പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ ഇതുമൂലം കഴിഞ്ഞു.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ പദ്ധതികളിൽ വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. സ്മാർട് സിറ്റി ചലഞ്ചിൽ ആദ്യ റൗണ്ടിൽ തന്ന തിരഞ്ഞെടുക്കപ്പെട്ട നഗരമായ കൊച്ചി വരും നാളുകളിൽ കൂടുതൽ മികവാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.