കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഒപ്പം കയറിയതു വിവാദമായി.
ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡോ. ഇ. ശ്രീധരൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
നാവികസേനാ വിമാനത്താവളത്തിൽ മുന്നണിയിലെ മറ്റു നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ കുമ്മനം അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ നടന്ന നാട മുറിക്കൽ ചടങ്ങിലും മെട്രോ യാത്രയിലും അദ്ദേഹം സംബന്ധിച്ചു.
നാടമുറിക്കൽ ചടങ്ങിലും ഉദ്ഘാടന യാത്രയിലും കുമ്മനം രാജശേഖരൻ കയറിയതു സുരക്ഷാ വീഴ്ചയാണെന്നും പ്രധാനമന്ത്രിയുടെ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സുരക്ഷാ കാരണം പറഞ്ഞു പ്രതിപക്ഷ നേതാവിനെയും ഇ. ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ടു പഞ്ചായത്തംഗം പോലുമല്ലാത്ത ആളെയാണു പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുപ്പിച്ചത്. പി.ടി. തോമസ് എംഎൽഎയെ ഉദ്ഘാടനച്ചടങ്ങിൽ പോലും ഉൾപ്പെടുത്തിയില്ല.
ഇ. ശ്രീധരൻ, ഗവർണർ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കു പ്രസംഗിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും കുമ്മനം കടന്നു കയറിയതും ചേർത്തു കാണണം, കടകംപള്ളി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച പട്ടികയനുസരിച്ചാണു കുമ്മനത്തെ വാഹന വ്യൂഹത്തിലും മെട്രോ യാത്രയിലും ഉൾപ്പെടുത്തിയതെന്നു സുരക്ഷാ ഏജൻസികൾ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് കുമ്മനത്തിന്റെ യാത്രയെന്നു കെഎംആർഎൽ മാനേജിങ് ഡയറക്ടറും പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുണ്ടെന്ന് എസ്പിജിയും കേരള പൊലീസും അറിയിച്ചതിനെത്തുടർന്നാണു യാത്രയിൽ പങ്കെടുത്തതെന്നു കുമ്മനം പ്രതികരിച്ചു. പേരുൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരുടെ താൽപര്യ പ്രകാരമാണ് ഉൾപ്പെടുത്തിയതെന്നും അറിയില്ല. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിക്കാനുള്ള വാഹനം നൽകിയതു കേരള സർക്കാരാണ്.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതു വിവാദമാക്കേണ്ട കാര്യമില്ല. മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ കളിപ്പാവകളായി കടകംപള്ളി സുരേന്ദ്രനെപ്പോലുള്ളവർ മാറരുത്.
സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാ വിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.