കൊച്ചി∙ അലങ്കാര മൽസ്യ കൃഷിയിലും വിപണനത്തിലും അക്വേറിയം നടത്തിപ്പിലും ഏർപ്പെട്ടിരിക്കുന്നവർക്കുമേൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രധാന മന്ത്രിയുമായി നേരിട്ടു സംസാരിച്ചു.
തുടർന്നു ബന്ധപ്പെട്ട മന്ത്രാലയത്തിനു കത്തും നൽകിയതായി കേരള ഓർണമെന്റൽ ഫിഷ് അസോസിയേഷൻ ഭാരവാഹികളെ അദ്ദേഹം അറിയിച്ചു. വിജ്ഞാപനം റദ്ദാക്കുന്നതു വരെ തുടർ നടപടികളുമായി കേരളം മുന്നോട്ടുപോകും.
ഒരു ലക്ഷത്തിലേറെ പേരുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യമാണു നിലനിൽക്കുന്നതെന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ്, കോ ഓർഡിനേറ്റർ കിരൺ മോഹൻ, കേരള മൽസ്യ തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.