Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് സമരം: ശമ്പളവർധന നിലവിൽ അയ്യായിരത്തോളം പേർക്ക് മാത്രം

തിരുവനന്തപുരം∙ അൻപതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മൊത്തശമ്പളം 20,000 രൂപയായി ഉയർത്തിയതിന്റെ ഗുണം ലഭിക്കുന്നത് അയ്യായിരത്തോളം പേർക്ക്. സർക്കാർ നിർദേശപ്രകാരം ആറു കിടക്കകൾക്ക് ഒരു നഴ്സാണു വേണ്ടത്.

നിലവിൽ പോളി ക്ലിനിക് മുതൽ 50 കിടക്കകൾ വരെയുള്ള രണ്ടായിരത്തോളം ആശുപത്രികൾ സംസ്ഥാനത്തുണ്ട്. ഇവയിൽ ഭൂരിഭാഗം സ്ഥലത്തും നഴ്സിങ് കോഴ്സ് പഠിച്ചിറങ്ങി നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ നഴ്സുമാരേയുള്ളൂ. മറ്റുള്ളവരെല്ലാം സഹായിയായി വന്നു ‘നഴ്സ്’ ആയവരാണ്. വർധിപ്പിച്ച ശമ്പളം ഇവർക്കു ബാധമാകില്ല.

സ്വകാര്യമേഖലയിൽ ഒന്നര ലക്ഷം നഴ്സുമാർ ജോലി ചെയ്യുന്നുവെന്നാണു കണക്ക്. കൃത്യമായ കണക്ക് ആരുടെയും കൈവശമില്ല. നിയമന ഉത്തരവു ലഭിച്ചവരും അല്ലാത്തവരും ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. നല്ലൊരുഭാഗം പേർ വർഷങ്ങളായി ട്രെയിനിയായി തുടരുന്നു. അതിനാലാണു ക്രോഡീകരിച്ച കണക്കു ലഭ്യമല്ലാത്തത്. കഴിഞ്ഞ ദിവസം ചർച്ചയ്ക്കു മുൻപു മുഖ്യമന്ത്രി നഴ്സുമാരുടെ കണക്ക് അന്വേഷിച്ചപ്പോഴും ഊഹക്കണക്കേ ഉള്ളൂവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

സ്വകാര്യമേഖലയിൽ അൻപതു കിടക്കകൾക്കു മുകളിലുള്ള 1200 ആശുപത്രികളുണ്ട്. ഇതിൽ 200 വരെ കിടക്കകളുള്ളത് 800 ആശുപത്രികളിൽ. മുന്നൂറിനു മേൽ കിടക്കകൾ വർധിക്കുന്നതു പലതരത്തിലും അധികച്ചെലവുണ്ടാക്കും. 300 കിടക്കകൾക്കു മുകളിലാകുമ്പോൾ മാനേജ്മെന്റുകൾ അതിനെ മറ്റൊരു ആശുപത്രിയായി റജിസ്റ്റർ ചെയ്യുന്നതാണു പതിവ്. ചിലർ 200 കിടക്കകൾ വീതം രണ്ട് ആശുപത്രിയാക്കും.