സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ചു; ആറുപേർ ആശുപത്രിയിൽ

സർജിക്കൽ സ്പിരിറ്റ് കഴിച്ചതിനെത്തുടർന്ന് മരിച്ച ബാലൻ, സന്ദീപ്

കുന്നമംഗലം (കോഴിക്കോട്)∙ മലയമ്മ എകെജി കോളനിയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ചതിനെത്തുടർന്നു രണ്ട് പേർ മരിച്ചു. ആറു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയമ്മ എകെജി കോളനിയിലെ താമസക്കാരായ ബാലൻ (54), കാക്കൂർ പിസി പാലം ചെമ്പ്രോൽ മീത്തൽ സന്ദീപ് (38) എന്നിവരാണു മരിച്ചത്. ഇതേ കോളനിയിലെ ചെക്കുട്ടി (61), വേലായുധൻ (65), ഹരിദാസൻ (53), കെ.കെ.സുരേഷ് (45),ഷാജു (40), വിനോദ് (38) എന്നിവരാണ് ചികിത്സയിലുള്ളത്. ചെക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവർ സർജിക്കൽ സ്പരിറ്റ് വെള്ളം ചേർക്കാതെ കഴിച്ചതായാണ് സംശയം.

പനിബാധിച്ച ബാലൻ ഇന്നലെ രാവിലെ ആറോടെ അവശനിലയിലായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ബാലനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സന്ദീപ് വെള്ളിയാഴ്ച വൈകിട്ട് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സന്ദീപ് മരിച്ചത്.

ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ സന്ദീപിന്റെ ഭാര്യവീട് എകെജി കോളനിയോട് ചേർന്നാണ്. കോളനിയിലുള്ള കുടുംബ സ്ഥലത്ത് വീട് നിർമിക്കാൻ തറ പണിത് ഷെഡ് കെട്ടി ആറ് മാസത്തോളമായി സന്ദീപ് ഇവിടെയാണ് താമസം. പാറകളും മറ്റും പൊട്ടിക്കുന്ന കംപ്രസർ ജീവനക്കാരനാണ് ബാലൻ. കഴിഞ്ഞ വ്യാഴാഴ്ച കോളനിയിലെ ഒരു വീട്ടിൽ കിണർ വൃത്തിയാക്കിയതിനു ശേഷം ഉച്ചയോടെ സന്ദീപ് കൊണ്ടു വന്ന സർജിക്കൽ സ്പിരിറ്റ് എട്ടു പേരും ചേർന്ന് കഴിച്ചതായി പറയുന്നു. വൈകിട്ട് ഏഴോടെ സന്ദീപിന്റെ വീട്ടിലെത്തി സന്ദീപും ബാലനും ചെക്കുട്ടിയും ശേഷിക്കുന്ന സ്പിരിറ്റും കഴിച്ചുവെന്നും പറയുന്നു. സ്പിരിറ്റ് കഴിച്ചതിന് ശേഷം അവശ നിലയിലായ സന്ദീപിനെ വെള്ളിയാഴ്ച വൈകിട്ടോടെ ഭാര്യയെത്തി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.

സന്ദീപിന്റെ വീട്ടിൽ നിന്ന് സ്പിരിറ്റ് കൊണ്ടു വന്നതെന്ന് സംശയിക്കുന്ന കുപ്പി പൊലീസ് കണ്ടെത്തി. വീട് സീൽ ചെയ്തു. ശ്യാമളയാണ് ബാലന്റെ ഭാര്യ. മക്കൾ:സനു, സബിൻ. മരുമകൻ:ഷാജി(പാലത്ത്). സന്ദീപിന്റെ ഭാര്യ സജിനി. മക്കൾ:വിഷ്ണുജിത്ത്, ജിഷ്ണുജിത്ത്.

ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ്, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജെ.ജയനാഥ്, ചേവായൂർ സിഐ കെ.ബിജു, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സുരേഷ്, സിഐ ഉണ്ണികൃഷ്ണൻ, കുന്നമംഗലം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.കെ.ഗിരീഷ്, പൊലീസ് സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് വി.വിനീത്, വിരലടയാള വിദഗ്ധൻ വി.പി.കരീം എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എം.കെ.രാഘവൻ എംപി, പി.ടി.എ.റഹീം എംഎൽഎ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന എന്നിവർ സ്ഥലം സന്ദർശിച്ചു.  

സ്പിരിറ്റ് ദുരന്തം മലയമ്മ എകെജി കോളനിവാസികൾ അറിഞ്ഞത് ഞെട്ടലോടെ

കുന്നമംഗലം∙ മലയമ്മ എകെജി കോളനിവാസികൾ ഇന്നലെ രാവിലെ ഉണർന്നത് ബാലന്റെ മരണ വാർത്തയുടെ ഞെട്ടലോടെ. കംപ്രസർ ഉപയോഗിച്ച് പാറ പൊട്ടിച്ചും മറ്റ് ജോലികളും ചെയ്തുവന്ന ഇയാളും മറ്റ് സുഹൃത്തുക്കളും കോളനിയിലെ മറ്റൊരു വീട്ടിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന സന്ദീപും ചെക്കുട്ടിയും കോളനിയിലെയും പരിസരത്തെയും ചിലരും ചേർന്നാണ് കിണർ വൃത്തിയാക്കിയിരുന്നത്. 

ഇതിന് ശേഷം സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ഒരു ലീറ്ററോളം സർജിക്കൽ സ്പിരിറ്റ് കുറച്ച് ഭാഗം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നത്രെ. സന്ദീപ് വൈകിട്ട് ഏഴോടെ അവശ നിലയിലാണ് വീട്ടിലെത്തിയത്. ബാലന് നേരത്തെ പനിയുണ്ടായിരുന്നതിനാൽ പനിയുടെ ഭാഗമായിരിക്കാം അവശത എന്ന ധാരണയിലായിരുന്നു വീട്ടുകാർ. സന്ദീപിനെ മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കോളനി നിവാസികൾക്ക് സംഭവത്തിന്റെ ഗൗരവം ഇന്നലെ ഉച്ചയോടെ പൊലീസും പരിസരവാസികളും സ്ഥലത്തെത്തിയതോടെയാണ് ബോധ്യമായത്. 

കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റും മറ്റും നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. അതേസമയം വ്യാജ വാറ്റ് കുടുംബശ്രീ അംഗങ്ങളുടെയും മറ്റും പ്രവർത്തന ഫലമായി അവസാനിപ്പിക്കാൻ കഴിഞ്ഞതായി കോളനിവാസികൾ പറയുന്നു. സന്ദീപ് വിവിധ സമയങ്ങളിൽ സർജിക്കൽ സ്പിരിറ്റ് കോളനിയിലും പരിസരത്തും എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.