Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിഹരന്റെ സിനിമകളിലേറെയും ക്ലാസിക്കുകള്‍: ശ്യാം ബെനഗല്‍

hariharan-calicut സുവർണഗാഥ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കോഴിക്കോട്ട് സംഘടിപ്പിച്ച ‘സുവർണ ഹരിഹരം’ പരിപാടിയിൽ, മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ ഹരിഹരനെ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു. മമ്മൂട്ടി, എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കോഴിക്കോട്∙ വെള്ളിത്തിരയുടെ മഹാപ്രതിഭകൾ ഒന്നിച്ച സുവർണ സന്ധ്യയിൽ സംവിധായകൻ ഹരിഹരനു കലാകേരളത്തിന്റെ ആദരം. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിച്ച സുവർണ ഹരിഹരം പരിപാടിയിൽ വിഖ്യാത സംവിധായകൻ ശ്യാം ബെനഗലാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. അറുപതിലധികം സിനിമകൾ ചെയ്തു എന്നതല്ല, അവയിലേറെയും ക്ലാസിക്കുകളായി എന്നതാണു ഹരിഹരന്റെ നേട്ടമെന്ന് ബെനഗൽ പറഞ്ഞു.

ഹരിഹരൻ കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിധ്യം തെളിയിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമായ ഭാവനാശേഷിയും കർമശേഷിയുമാണ്. സിനിമയുടെ ചെറിയഘടകങ്ങൾപോലും വലിയ ശ്രദ്ധയോടെയാണ് ഹരിഹരൻ കൈകാര്യം ചെയ്തതെന്നും ബെനഗൽ പറഞ്ഞു. കാലംമായ്ക്കാത്ത ചലച്ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരിഹരനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.ടി. വാസുദേവൻ നായരും പറഞ്ഞു. അൻപതുവർഷം താൻ സിനിമ ആഘോഷിക്കുകയായിരുന്നുവെന്നും സിനിമ മാത്രമേ തന്റെ മനസ്സിലുള്ളൂവെന്നും മറുപടി പ്രസംഗത്തിൽ ഹരിഹരൻ പറഞ്ഞു.

സംഗീത സംവിധായകൻ ഇളയരാജ, നടൻ മമ്മൂട്ടി, എം.കെ. മുനീർ എംഎൽഎ, സംവിധായകരായ ഐ.വി. ശശി, സത്യൻ അന്തിക്കാട്, ഭദ്രൻ, രഞ്ജിത്, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, സംഗീതസംവിധായകരായ ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, നടിമാരായ അംബിക, സീമ, സുരഭി ലക്ഷ്മി, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ, പി.വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു . പി.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഹരിഹരൻ സിനിമകളിലെ ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നൃത്താവിഷ്കാരങ്ങളും ഹാസ്യപരിപാടിയും അരങ്ങേറി. വി.എം.വിനുവാണ് സുവർണഹരിഹരം സംവിധാനം ചെയ്തത്. പോപ്പീസ് ബേബി കെയറിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.

related stories