ഇൻഡോർ (മധ്യപ്രദേശ്)∙ സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾക്കു സഭയുടെ പ്രണാമം. സഭാ നേതൃത്വത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും സാന്നിധ്യത്തിൽ സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം, വത്തിക്കാൻ പ്രതിനിധി കർദിനാൾ ആഞ്ചലോ അമാത്തോയാണു വായിച്ചത്. ‘പാവങ്ങളിൽ ഈശ്വരനെ ദർശിച്ച് വിശ്വാസത്തിനു വേണ്ടി രക്‌തം ചൊരിഞ്ഞ റാണി മരിയ ഇനി വാഴ്‍ത്തപ്പെട്ടവൾ എന്നു വിളിക്കപ്പെടും. അവർ സ്വർഗത്തിൽ ജീവിച്ചു തുടങ്ങിയ ദിവസം ഇനി മുതൽ എല്ലാ വർഷവും സഭ പുണ്യദിനമായി ആചരിക്കും’ – ലത്തീനിലെഴുതി കയ്യൊപ്പിട്ട പ്രഖ്യാപനത്തിൽ മാർപാപ്പ പറഞ്ഞു.
കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഡോ.ടെലസ്ഫോർ ടോപ്പോ, ഡോ.ഓസ്വൾഡ് ഗ്രേഷ്യസ്, അപ്പസ്തോലിക് നുൺഷ്യോ ജിയാംബത്തിസ്ത ദിക്വാത്‌റോ, ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കൽ എന്നിവരും അൻപതിലേറെ രൂപതാധ്യക്ഷരും കാർമികരായി. പേപ്പൽ പ്രഖ്യാപനത്തെ നീണ്ട കരഘോഷത്തോടെയാണു വിശ്വാസസമൂഹം വരവേറ്റത്. സിസ്റ്റർ റാണി മരിയ ഉൾപ്പെട്ട ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമൂഹത്തിനും അതു ധന്യതയുടെ മുഹൂർത്തമായി.
കേരളത്തിലെ നാട്ടിൻപുറത്തുനിന്നു വന്ന സാധാരണക്കാരിയായ സന്യാസിനി വിശുദ്ധിയുടെ പടവുകൾ താണ്ടുന്നതിലെ അസാധാരണത്വം കുർബാനമധ്യേ നടത്തിയ പ്രഭാഷണത്തിൽ വത്തിക്കാൻ പ്രതിനിധി കർദിനാൾ ആഞ്ചലോ അമാത്തോ വിവരിച്ചു. റാണി മരിയ പ്രതിനിധീകരിച്ചതു മനുഷ്യനന്മയെ. മതത്തിന്റെയും ജാതിയുടെയും തടസ്സങ്ങൾ കടന്ന് അവർ പ്രഘോഷിച്ചതു നിസ്വാർഥസേവനത്തിന്റെ മഹത്വം – അദ്ദേഹം പറഞ്ഞു.
ഘാതകൻ സമന്ദർ സിങ്, സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഘാതകനോടു ക്ഷമിച്ച കുടുംബം സമന്ദറിനെ സഹോദരനായി സ്വീകരിച്ചിരുന്നു. വിശുദ്ധ നാമകരണത്തിനുള്ള നാലു പടവുകളിൽ മൂന്നാമത്തേതാണു വാഴ്ത്തപ്പെടുത്തൽ. ദൈവദാസി, ധന്യ (വെനറബിൾ) എന്നീ ഘട്ടങ്ങൾക്കു ശേഷമാണത്. രക്തസാക്ഷികൾക്കു ധന്യപദവിയും വാഴ്ത്തപ്പെട്ട പദവിയും ഏതാണ്ട് ഒരേകാലത്താണു നൽകുക. വാഴ്ത്തപ്പെട്ട റാണി മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കണമെങ്കിൽ വൈദ്യശാസ്ത്രത്തിനു വ്യാഖ്യാനിക്കാനാവാത്ത രണ്ട് അദ്ഭുതങ്ങളെങ്കിലും സംഭവിക്കണം. അവ വത്തിക്കാനിലെ വിശുദ്ധഗണ വിഭാഗം സ്ഥിരീകരിക്കുകയും വേണം.