Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിൽ നിറകണ്ണുകളോടെ ഘാതകനും

Samandhar-Singh വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമന്ദർ സിങ്, വട്ടാലിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രഖ്യാപനച്ചടങ്ങിൽ.

ഇൻഡോർ (മധ്യപ്രദേശ്) ∙ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനു ഘാതകൻ സമന്ദർ സിങ്ങുമെത്തി. കഴിഞ്ഞദിവസം നച്ചൻബോറിൽ സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിച്ചു മാപ്പു ചോദിച്ചിരുന്നു സമന്ദർ.

സിസ്റ്റർ റാണി മരിയയുടെ സഹോദരങ്ങളായ സ്റ്റീഫൻ, ആനി പോൾ, വർഗീസ്, സിസ്റ്റർ സെൽമി പോൾ, തെരേസ തോമസ്, ലൂസി പീറ്റർ എന്നിവർക്കൊപ്പമിരുന്നാണു സമന്ദർ ചടങ്ങ് വീക്ഷിച്ചത്. ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബം, അയാളെ സഹോദരനായി സ്വീകരിച്ചിരുന്നു. എല്ലാ വർഷവും രക്ഷാബന്ധൻ ദിവസം സിസ്റ്റർ സെൽമി സമന്ദറിനെ രാഖിയണിയിക്കുന്നു.

തന്നെ സന്ദർശിച്ച സമന്ദർ സിങ്ങിനെ അമ്മ ഏലീശ്വ സ്വീകരിച്ചതിനെക്കുറിച്ചു സഭാ രേഖകൾ പറയുന്നതിങ്ങനെ: ആ അമ്മ ഘാതകന്റെ കൈകളിൽ ചുംബിച്ചു. അവർ പറഞ്ഞു: ഈ കൈകളിൽ ‌എന്റെ മകളുടെ രക്തമുണ്ട്. ഉപാധികളില്ലാതെ നിന്നോടു ഞാൻ ക്ഷമിക്കുന്നു. തന്നെ മകനായി സ്വീകരിച്ച അമ്മയുടെ മക്കൾക്കൊപ്പമിരിക്കുമ്പോൾ സമ‌ന്ദർ സിങ്ങിന്റെ കണ്ണുകൾ നിറയുന്നതു കണ്ടു; കഴിഞ്ഞദിവസം നച്ചൻബോറിലെ സ്മൃതിമണ്ഡപത്തിൽ മാപ്പിരക്കാനെത്തിയപ്പോൾ കണ്ടതുപോലെ.

ഫ്രാൻസിസ് മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച ലത്തീ‌ൻ പ്രഖ്യാപനത്തിന്റെ സ്വതന്ത്ര പരിഭാഷ

ഇൻഡോർ ബിഷപ് ചാക്കോ തോട്ടുമാരിക്കലിന്റെയും മറ്റ് അനേകം സഹോദരങ്ങളുടെയും ഒട്ടേറെ ക്രൈസ്തവ വിശ്വാസികളുടെയും വിശുദ്ധഗണ വിഭാഗത്തിന്റെയും അഭിപ്രായം സ്വീകരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും ദൈവദാസിയും കന്യകയും രക്തസാക്ഷിയുമായ *റജീന മരിയ വട്ടാലിൽ ഇനി വാഴ്ത്തപ്പെട്ടവളെന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും അധഃസ്ഥിതരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവർ കണ്ടു. അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചു. റജീന മരിയ സ്വർഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാ വർഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കപ്പെടട്ടെ.

അജപാലനത്തിന്റെ അഞ്ചാം വർഷം, 2017 ഒക്ടോബർ 23നു റോമിലെ സെന്റ് പീറ്റേഴ്സിൽ നൽകപ്പെട്ടത്.

– ഫ്രാൻസിസ് മാർപാപ്പ

(*റാണി മരിയയുടെ ലത്തീൻ ഭാഷാന്തരം)

മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത് കർദിനാൾ ആഞ്ചലോ അമത്തോ

ഇൻഡോർ∙ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളെന്നു വിളിച്ചു ഫ്രാൻസിസ് മാ‌ർപാപ്പ ലത്തീനിലെഴുതിയ പ്രഖ്യാപനം വായിച്ചതു വത്തിക്കാന്റെ പ്രതിനിധി കർദിനാൾ ആഞ്ചലോ അമത്തോയാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിന്റെ ഇംഗ്ലിഷ് പരിഭാഷയും കർദിനാൾ ഡോ. തെലസ്ഫോർ ടോപ്പോ ഹിന്ദി പരിഭാഷയും വായിച്ചു.

sister-rani-mariya-Beatification സിസ്റ്റർ റാണി മരിയ ഇനി മുതൽ വാഴ്ത്തപ്പെട്ടവൾ എന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വത്തിക്കാൻ പ്രതിനിധി കർദിനാൾ ആഞ്ചലോ അമത്തോ വായിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാളും സിബിസിഐ അധ്യക്ഷനുമായ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്ക ബാവ, കർദിനാൾ ഡോ. ഓസ്വൾഡ് ഗ്രേഷ്യസ്, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ തുടങ്ങിയവർ പിന്നിൽ. ചിത്രം: മനോരമ

കു‌ത്തേ‌റ്റ വാരിയെല്ല് തിരുശേഷിപ്പ്

ഇൻഡോർ ∙ സിസ്റ്റർ റാണി മരിയയുടെ സവിശേഷ തിരുശേഷിപ്പ് കു‌ത്തേ‌റ്റു മുറിഞ്ഞ വാരിയെല്ലാണ്. ഇതു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആലുവ ജനറലേറ്റിലാണു സൂക്ഷിക്കുക. പ്രഖ്യാപനച്ചടങ്ങുകൾക്കിടെ വേദിയിൽ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നതും ഇതാണ്. സിസ്റ്റർ റാണി മരിയയുടേതെന്നു രേഖപ്പെടുത്തിയ മറ്റു തി‌രുശേഷിപ്പുകളടങ്ങിയ പേടകം എഫ്സിസി സുപ്പീരിയർ ജനറ‌ൽ സിസ്റ്റർ ആൻ ജോസഫ്, സിസ്റ്റർ സ്റ്റാർലി എന്നിവർ ചേർന്ന് കർദിനാൾമാരായ മാ‌ർ ജോർജ് ആലഞ്ചേരിക്കും മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായ്ക്കും കൈമാറി. അതു സഭാ നേതൃത്വം വിവിധ പള്ളികൾക്കു കൈമാറുമെന്നു നാമകരണ പ്രക്രിയയിൽ എഫ്സിസി കൂട്ടായ്മയുടെ ഔദ്യോഗിക പ്രതിനിധിയായ (എക്സ്റ്റേണൽ കൊലാബറേറ്റർ) സിസ്റ്റർ ബിൻസി തെരേസ് പറഞ്ഞു. 

sister-rani-mariya-family-members വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങൾ കാർമികർക്കൊപ്പം. മുന്നിൽ തിരുശേഷിപ്പ് അടങ്ങിയ പേടകം

ക്ഷമിക്കാൻ പ്രേരണയായത് സ്വാമി ദയാന‌ന്ദ്

ഇൻഡോർ ∙ സിസ്റ്റർ റാണി മരിയയുടെ ഘാതകനോടു ക്ഷമിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചതു സ്വാമി ദയാന‌ന്ദാണ്. സ്വാമിയച്ചൻ എന്നറിയപ്പെട്ട സ്വാമി ദയാനന്ദ് ജയിൽ സേവന പ്രസ്ഥാനത്തിൽ അംഗമായിരുന്നു. സ്വാമിയച്ചന്റെ പ്രേരണയിലാണ് സിസ്റ്റർ സെൽമി ജയിലിൽ സമന്ദർ സിങ്ങിനെ സന്ദർശിച്ചത്.