പെരുമ്പാവൂർ ∙ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ഇനി തീർഥാടന കേന്ദ്രം. ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവാലയത്തെ എറണാകുളം അതിരൂപതയിലെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
തിരുശേഷിപ്പ് പ്രയാണത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. അൽത്താരയിൽ മുഖ്യകാർമികനായിരുന്ന കർദിനാൾ കാഴ്ച സമർപ്പണം സ്വീകരിച്ചു. മുഖ്യകാർമികനും സഹകാർമികരായ ബിഷപ്പുമാരും ചേർന്നു നിലവിളക്കു തെളിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ സഹോദരി സെൽമി പോൾ അടക്കമുള്ളവർ ബൈബിൾ വചനങ്ങൾ വായിച്ചു. ബിഷപ് ഡോ. ജോസഫ് കരിയിൽ വചന സന്ദേശം നൽകി. തുടർന്ന് കുർബാനയ്ക്കൊടുവിൽ കർദിനാൾ പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
സിസ്റ്റർ റാണി മരിയയിലൂടെ പുല്ലുവഴി പസിദ്ധമാകുമെന്ന് കർദിനാൾ പൊതുസമ്മേളനത്തിൽ പറഞ്ഞു. ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ മാത്യു വാണിയക്കിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ കുർബാനയിൽ സഹകാർമികരായി. പള്ളിയോടു ചേർന്നു, സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന റാണി മരിയ മ്യൂസിയവുമുണ്ട്. റാണി മരിയയുടെ ബാല്യം, വിദ്യാഭ്യാസം, പ്രേക്ഷിത പ്രവർത്തനം, രക്തസാക്ഷിത്വം എന്നിവ വിവരിക്കുന്ന മ്യൂസിയത്തിൽ സിസ്റ്റർ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. എംസി റോഡിൽ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്ക്കും ഇടയിലാണ് പള്ളി.
നീതിക്കും സ്നേഹത്തിനും വേണ്ടി സമർപ്പിച്ച ജീവിതം: കർദിനാൾ
പെരുമ്പാവൂർ ∙ രക്തസാക്ഷികളുടെ ചരിത്രത്തിൽ പുതിയ പാത വെട്ടിത്തുറന്നാണ് സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ നീതിക്കും സ്നേഹത്തിനും വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു റാണി മരിയയുടേത്. പാവപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനതയ്ക്കു നീതി ലഭിക്കാൻ പരിശ്രമിച്ചു എന്നതാണ് ആ ജീവിതത്തിന്റെ സവിശേഷത.
റാണി മരിയയുടെ ഘാതകനോടു കുടുംബം ക്ഷമിച്ചതിലൂടെ മികച്ച സന്ദേശവുമാണ് സമൂഹത്തിനു ലഭിച്ചത്. ക്രൈസ്തവ സാക്ഷ്യമനുസരിച്ചു ജീവിക്കാൻ ഇതു വിശ്വാസികളെ പ്രേരിപ്പിക്കും. അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ, വിശ്വാസികൾ വനീതരാകണം– മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയിലൂടെ ക്രൈസ്തവ സഭ ലോകത്തിനു മാതൃകയായെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ദയാബായി മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഏബ്രഹാം മാർ യൂലിയോസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സ്നേഹ ഭവനങ്ങളുടെ താക്കോൽദാനം ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.
ഡോ. ജേക്കബ് നങ്ങേലിമാലിൽ എഴുതിയ ‘പുല്ലുവഴിയുടെ പുണ്യപുത്രി’ എന്ന പുസ്തകം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പ്രകാശനം ചെയ്തു. പോസ്റ്റൽ സ്റ്റാംപ്, പോസ്റ്റൽ കവർ എന്നിവയുടെ പ്രകാശനം സെൻട്രൽ റീജൻ പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ നിർവഹിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഏറ്റുവാങ്ങി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, എഫ്സിസി ജനറൽ കൗൺസിലർ സിസ്റ്റർ സ്റ്റാർലി, പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പാറപ്പുറം, ജനറൽ കൺവീനർ ജോസ് കാവനമാലിൽ എന്നിവർ പ്രസംഗിച്ചു.