Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുതാപത്തിന്റെ സമുദ്രങ്ങൾ താണ്ടി സമന്ദർ സിങ്... ‘ദീദീ,കഴിയുമെങ്കിൽ പൊറുക്കുക’

Samadhar-Singh പശ്ചാത്താപമേ പ്രായശ്ചിത്തം: മധ്യപ്രദേശിലെ നച്ചൻബോറിൽ സിസ്റ്റർ റാണി മരിയയെ കുത്തിവീഴ്ത്തിയ സ്ഥലത്ത് ഇന്നലെ എത്തിയ കൊലയാളി സമന്ദർ സിങ് സ്മൃതിമണ്ഡപത്തിൽ പ്രാർഥിക്കുന്നു. ‘ഈ പാപം ഇയാൾക്കു മേൽ പതിക്കരുതേ’ എന്നാണ് ഫലകത്തിൽ സിസ്റ്റർ റാണി മരിയയുടെ പേരിനു താഴെ ഹിന്ദിയിൽ കുറിച്ചിരിക്കുന്നത്. ഇന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർ‌ത്തപ്പെടുന്ന സിസ്റ്റർ റാണി മരിയ ‌അന്ത്യശ്വാസം വലിച്ചതും ഇവിടെത്തന്നെ. ചിത്രം: ജെ. സുരേഷ്

നച്ചൻബോർ (മധ്യപ്രദേശ്)∙ സിസ്റ്റർ റാണി മരിയയുടെ തൂവെള്ള സ്മൃതിമണ്ഡപത്തിൽ സമന്ദർ സിങ് ഇന്നലെ തിരി തെളിച്ചു കൈകൂപ്പി പ്രാർഥിച്ചു: ദീദീ, ഹോ സക്തി ഹേ തോ മാഫ് കർന– സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!

ഇരുപത്തഞ്ചു വർഷം മുൻപ് ഇവിടെയാണ് സമന്ദർ സിങ്, സിസ്റ്റർ റാണി മരിയയെ കുത്തി വീഴ്ത്തിയത്. 54 കുത്തുക‌ളിലൊന്നു വാരിയെല്ലിലൂടെ തുളച്ചു കയറി ഹൃദയം തകർത്തു.

ഇന്ന്, കത്തോലിക്കാ സഭ സിസ്റ്റർ റാണി മരി‌യയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്നു വിളിക്കുമ്പോൾ, ഇതിനകം അനുതാപത്തിന്റെ സമുദ്രങ്ങൾ താണ്ടിയ സമന്ദർ പറ‌യും: എല്ലാം ദൈവഹിതം. അവിടുന്നറിയാതെ ഇല പോലും അനങ്ങുന്നില്ല!

ദ്വേഷത്തിനു പകരം കിട്ടിയ സ്നേഹം, സേംലിയ റായ്മൽ ഗ്രാമത്തിലെ ക്രൂരനായ ഠാക്കൂറിനെ ജ്ഞാനിയാക്കിയിരിക്കുന്നു. ഇപ്പോൾ ആ മുഖത്തു തെളിയുന്നതു പ്രശാന്തത.

അന്ന്, കൊലപാതകത്തിനു ശേഷം രക്തം പുരണ്ട കൈകളുമായി കാട്ടിലേക്കാണോടിയത്. മൂന്നാം ദിനം പൊലീസിന്റെ പിടിയിലായി. ആദിവാസികൾക്കിടയിൽ സേവനം ചെയ്തുകൊണ്ടിരുന്ന സന്യാസിനിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ജമീന്ദാർമാരും, മനസ്സിൽ വിദ്വേഷം നിറച്ചവരും, സ്വന്തം കുടുംബാംഗങ്ങൾ പോലും സഹായത്തിനെത്തിയില്ല.

ആർക്കും വേണ്ടാതെ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കഴി‌യുമ്പോഴാണു സ്വാമിയച്ചൻ (കുറ്റവാളികൾക്കു വേണ്ടി സേവനം നടത്തുന്ന വൈദികൻ) ജയിൽ സന്ദർശിച്ചത്. ‘സിസ്റ്റർ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു’വെന്ന് അച്ചൻ പറഞ്ഞു. പിന്നാലെ, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പോളിനെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്നു. സ്വസഹോദരിയുടെ ചോര കുതിർന്ന ആ കയ്യിൽ അവർ സഹോദര സ്നേഹത്തിന്റെ പ്രതീകമായ രാഖി ചാർത്തി. 

ജയിൽ വാസത്തിനിടെ സമന്ദറിനെ ഭാര്യ ഉപേക്ഷിച്ചു പോയി. വീണ്ടും വിവാഹിതനായില്ല. താമസം സഹോദരനൊപ്പമാണ്. ശിക്ഷ കഴിഞ്ഞു കേരളത്തിലെത്തിയതു നാലു വട്ടം. പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ സിസ്റ്റർ റാണി മരിയയുടെ മാതാപിതാക്കളായ പൈലിയെയും ഏലീശ്വയെയും ‌കണ്ടു ‌മാപ്പിരന്നു. താൻ ചെയ്ത മഹാപാതകം ക്ഷ‌മിക്കാൻ ആ മാ‌താപിതാക്കൾക്കും കഴിഞ്ഞതു സമ‌ന്ദറി‌ന് അ‌‌ത്ഭുതമായി. 

സമന്ദർ ഇപ്പോൾ കൃഷിക്കാരനാണ്. നെല്ലും കടലയും ഉള്ളിയും വളരുന്ന രണ്ടേക്കർ വയലുണ്ട്. ജയിൽ മോചനത്തിനു ശേഷം ഏറെക്കാലം രോഗികളെ ശുശ്രൂഷിച്ചു. കുറച്ചു നാളായി സൗജന്യമായി കൃഷിപ്പണി പഠിപ്പിക്കുന്നു. ഇടയ്ക്കിടെ സ്മൃതിമണ്ഡപത്തിലെത്തുന്ന സമന്ദർ സിങ്, ‘ദീദീ, കഴിയുമെങ്കിൽ പൊറുക്കുക’ എന്ന പ്രാർഥന ചൊല്ലും... ‘ഈ പാപം ഇവനു മേലാകരുതേ’ എന്നെഴുതിയ ഫലകത്തിനടുത്തു തിരി തെളിക്കും.

Sister-Rani-Maria

സിസ്റ്റർ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

ഇൻഡോർ സെന്റ് പോൾസ് ഹൈസ്കൂൾ മൈതാനം

രാവിലെ 9.30: സിസ്റ്റർ റാണി മരിയയെക്കുറിച്ചുള്ള  ഡോക്യുമെന്ററി പ്രദർശനം 

10.00 : വത്തിക്കാനിൽ മാർപാപ്പയുടെ പ്രഖ്യാപനം, കുർബാന – വത്തിക്കാനിലെ വിശുദ്ധ ഗണ സംഘത്തലവൻ കർദിനാൾ ആഞ്ചലോ അമത്തോ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ

ഉച്ചയ്ക്ക് 1.00: ‌പൊതുസമ്മേളനം