വടകര∙ ദേശീയ വോളിബോൾ മുൻ പരിശീലകനും മുൻ രാജ്യാന്തര താരവുമായ എ. അച്യുതക്കുറുപ്പ് (75) അന്തരിച്ചു. ഇന്നലെ പുലർച്ചെ ബെംഗളൂരുവിലായിരുന്നു അന്ത്യം. വടകര ഓർക്കാട്ടേരി വെള്ളികുളങ്ങര തെക്കെ അമിഞ്ഞിയിൽ കുടുംബാംഗമാണ്.
86 ൽ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. റിട്ട. നേവി ഉദ്യോഗസ്ഥനാണ്. ബെംഗളൂരു സായി ഡയറക്ടർ, കോച്ച് എന്നീ നിലകളിലും പ്രവർത്തിച്ചു. 1989ൽ ജപ്പാനിൽ നടന്ന രാജ്യാന്തര ഫ്രൻഡ്ഷിപ് വോളിബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ സായി തുടങ്ങാൻ മുൻകയ്യെടുത്തു. 1982ൽ ഡൽഹി ഏഷ്യൻ ഗെയിംസിലും 87, 89 വർഷങ്ങളിലെ സാഫ് ഗെയിംസുകളിലും ഇറാനിൽ നടന്ന പത്താമത് ഡോൺ റിപ്പബ്ലിക് ചാംപ്യൻഷിപ്പിലും പരിശീലകനായി.
ഇന്ത്യയുടെ പ്രതിനിധിയായി ഒട്ടേറെ മൽസരങ്ങളിൽ നിരീക്ഷകനായി പ്രവർത്തിച്ചു. തുടർച്ചയായി പത്തു വർഷം സർവീസസ് ടീമിനു വേണ്ടി കളിക്കളത്തിലിറങ്ങി. 1966 മുതൽ 72 വരെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 74ൽ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സഹപരിശീലകനായി.
മൂന്നു വർഷം മൊറീഷ്യസിൽ ജോലി നോക്കിയ ശേഷം പട്യാല എൻഐഎസിൽ സീനിയർ പരിശീലകനായി. 1984ൽ കിഴക്കൻ ജർമനിയിൽ ഉപരിപഠനം നേടിയ ശേഷം ദേശീയ ടീമിന്റെ മുഖ്യപരിശീലക ചുമതലയേറ്റു. വടകര മലബാർ ജിംഖാന വോളി ടീമിലൂടെ വളർന്ന അച്യുതക്കുറുപ്പ് ബെംഗളൂരു എൻഐഎസ് കോച്ചായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
രാത്രി വെള്ളികുളങ്ങരയിൽ പൊതുദർശനത്തിനു വച്ച മൃതദേഹം തറവാട്ടു വളപ്പിൽ സംസ്കരിച്ചു. പരേതരായ ഗോപാലക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: കുസുമം കുറുപ്പ് (റിട്ട. സായി കോച്ച്). മക്കൾ: മുൻ ഇന്ത്യൻ വോളി താരം ആനന്ദ് കുറുപ്പ് (സെൻട്രൽ എക്സൈസ്), ആരാധനാ കുറുപ്പ് (ബെംഗളൂരു). മരുമക്കൾ: മാലതി, ഗണേഷ് (ബെംഗളൂരു) സഹോദരങ്ങൾ: കമലം ജി. നമ്പ്യാർ, തങ്കം എസ്. കുറുപ്പ്, ബേബി കെ. നമ്പ്യാർ, ടി.എ. ഗോപിനാഥ് (റിട്ട. ഡൽഹി വൈദ്യുതി ബോർഡ്), പരേതരായ പത്മനാഭക്കുറുപ്പ്, പത്മിനി ജി. കുറുപ്പ്.