കൊച്ചി ∙ പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ നടി അമലാ പോൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപിൽ ഹാജരായി മൊഴി നൽകി.
സ്‌പെഷൽ ടെംപിൾ തെഫ്റ്റ് സ്‌ക്വാഡ് എറണാകുളം യൂണിറ്റ് എസ്പി കെ.വി. സന്തോഷ് കുമാർ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജോഷി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ചയായിരുന്നു മൊഴിയെടുപ്പ്. ആവശ്യപ്പെടുമ്പോൾ വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം നിർദേശിച്ചു. മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോൾ അമല ഹാജരായത്.