Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണസ്വാധീനത്തിന് വഴങ്ങാതെ കാരാട്ട് ഫൈസലിനെതിരെ നടപടിയെടുക്കണം: വി.മുരളീധരന്‍

v-muralidharan

തിരുവനന്തപുരം∙ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയതെന്നു തെളിഞ്ഞിട്ടും പിഴയടക്കില്ലെന്നു പരസ്യമായി വെല്ലുവിളിക്കുന്ന സിപിഎമ്മിന്റെ കൊടുവള്ളിയിലെ കൗണ്‍സിലര്‍ കൂടിയായ കാരാട്ട് ഫൈസലിനെതിരെ ഭരണസ്വാധീനത്തിനു വഴങ്ങാതെ ഉദ്യോഗസ്ഥര്‍ നിയമ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ.

കൊടുവള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്തു മാഫിയയുമായി സിപിഎമ്മിനുള്ള ബന്ധം നേരത്തെതന്നെ ചര്‍ച്ചയായിട്ടുള്ളതാണ്. അത്തരത്തിലുള്ളൊരാളാണു കാരാട്ട് ഫൈസല്‍. അങ്ങനെയാണു കാരാട്ട് ഫൈസല്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര കാറില്‍ ജനജാഗ്രതാ യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത്.

കോടിയേരി യാത്രചെയ്ത മിനി കൂപ്പര്‍ കാര്‍ വ്യാജ വിലാസത്തിലാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കണ്ട് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയയ്ക്കുകയും പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടും പിഴയൊടുക്കില്ലെന്ന വെല്ലുവിളി നടത്തുകയാണു കാരാട്ട് ഫൈസല്‍ ചെയ്യുന്നത്. വ്യാജ വിലാസത്തിലുള്ള ഈ വാഹനം കേരളത്തിലല്ല ഉപയോഗിക്കുന്നതെന്ന ന്യായമാണു കാരാട്ട് ഫൈസല്‍ പറയുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോഴാണു കാരാട്ട് ഫൈസലിനോട് ഈ മൃദുസമീപനം എന്നതു ശ്രദ്ധേയമാണ്.

ഭരണത്തിനും ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണക്കാരും മാഫിയകളുമായുള്ള ബന്ധത്തിന്റെ തെളിവാണിത്. വ്യാജരേഖ ചമയ്ക്കലും വ്യാജ വിലാസത്തില്‍ ആഡംബര വാഹനം റജിസ്റ്റര്‍ ചെയ്‌തെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ ഭരണസ്വാധീനത്തിനു വഴങ്ങാതെ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടിയെടുക്കുകയാണു വേണ്ടതെന്നും മുരളീധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

related stories