തിരുവനന്തപുരം∙ യുനിസെഫും കേരള ചൈൽഡ് റൈറ്റ്സ് ഒബ്സർവേറ്ററിയും ചേർന്നു നൽകുന്ന മാധ്യമപുരസ്കാരങ്ങളിൽ മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾഡും രണ്ടാംസ്ഥാനം ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലും നേടി. അച്ചടി മാധ്യമ വിഭാഗത്തിൽ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജോജി സൈമൺ മൂന്നാം സ്ഥാനത്തിന് അർഹനായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ ഒന്നാംസ്ഥാനം മനോരമ ന്യൂസ് റിപ്പോർട്ടർ ജസ്റ്റീന തോമസും രണ്ടാംസ്ഥാനം മനോരമ ന്യൂസ് കറസ്പോണ്ടന്റ് ദീപു രേവതിയും നേടി. മാസിക വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വനിതയിലെ സബ് എഡിറ്റർ ടെൻസി ജേക്കബിനും മനോരമ ആരോഗ്യത്തിലെ സീനിയർ സബ് എഡിറ്റർ സന്തോഷ് ശിശുപാലിനുമാണ്.
മറ്റു പുരസ്കാര ജേതാക്കൾ: ആർ.സാംബൻ (ദേശാഭിമാനി), പ്രദീപ് ഗോപി (ദീപിക), സാജൻ വി.നമ്പ്യാർ (മാതൃഭൂമി), എ.എ.ശ്യാംകുമാർ (ഏഷ്യാനെറ്റ് ന്യൂസ്), ഹരിത ജോൺ, മേഘ വാരിയർ (ദ് ന്യൂസ് മിനിറ്റ്), കെ.രാജേന്ദ്രൻ (കൈരളി ഓൺലൈൻ), ആന്റണി സി.ഡേവിസ്, ഒ.കെ.മുരളീകൃഷ്ണൻ (മാതൃഭൂമി ഓൺലൈൻ), എം.െക.ഗീത (ഗൃഹശോഭ), ലക്ഷ്മി അജയ് പ്രസന്ന (ടൈംസ് ഓഫ് ഇന്ത്യ), ഷെവ്‌ലിൻ സെബാസ്റ്റ്യൻ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്). യുനിസെഫ് കേരള തമിഴ്നാട് മേധാവി ജോബ് സക്കറിയ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, തീരദേശ വികസന കോർപറേഷൻ എംഡി: ഡോ. കെ.അമ്പാടി എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.