കോട്ടയം∙ ലോകത്തിന്റെ ഏതറ്റത്താണെങ്കിലും നാടിനെക്കുറിച്ചുള്ള ഓർമ തൊട്ടുവിളിച്ചാൽ ഒരൊറ്റ ക്ലിക്കു കൊണ്ട് നമുക്കിന്നു നാടിന്റെ കൈപിടിക്കാം, വിശേഷങ്ങളറിയാം, കാഴ്ചകള്‍ കാണാം, അഭിപ്രായങ്ങൾ പറയാം... വാർത്താനിമിഷങ്ങളെ ഡിജിറ്റൽ താളുകളിലേക്കു കൈപിടിച്ചുയർത്തിയ മലയാളത്തിന്റെ ഒന്നാം നമ്പർ വാർത്താ വെബ്സൈറ്റ് മനോരമ ഓൺലൈനിന് ഇരുപതു വയസ്സിന്റെ പ്രൗഢി.
1997 ഒക്ടോബർ 17നാണ് മലയാള മനോരമ പത്രത്തിന്റെയും ദ് വീക്ക് മാഗസിന്റെയും ഓൺലൈൻ പതിപ്പുകൾ ബ്രിട്ടന്റെ ഫിലിപ് രാജകുമാരൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റൽ ജേണലിസത്തിന്റെ ആരംഭകാലം മുതൽ മലയാളികളെ അതിന്റെ അനന്തസാധ്യതകളിലേക്ക് ഒപ്പം നടത്തിയ വാർത്താ വെബ്സൈറ്റുകളിൽ മുൻനിരയിലാണ് മനോരമ ഓൺലൈനിന്റെ സ്ഥാനം.
രണ്ടു പതിറ്റാണ്ടിനിപ്പുറം ലോകത്തെ മികച്ച വാർത്താ വെബ്സൈറ്റെന്ന വിലാസമാണ് മനോരമ ഓൺലൈനിന് പ്രിയപ്പെട്ട വായനക്കാർ സമ്മാനിച്ചത് – 2016ൽ ലോകത്തിലെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്പേപ്പേഴ്സ് ആൻഡ് ന്യൂസ് പബ്ലിഷേഴ്സ് (വാൻ–ഇഫ്ര) പുരസ്കാരം. ലോകത്തെ മുൻനിര ഭാഷകളിലെ വെബ്സൈറ്റുകളെ പോലും മറികടന്നായിരുന്നു ഇത്.
രാജ്യാന്തര പുരസ്കാരങ്ങൾക്കൊപ്പം വാർത്താമികവിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങളും ഒട്ടേറെ തവണ മനോരമയെ തേടിയെത്തി.
സംസ്ഥാന കലോൽസവം, രാജ്യാന്തര ചലച്ചിത്രമേള തുടങ്ങിയവയുടെ ഏറ്റവും മികച്ച കവറേജിനുള്ള പുരസ്കാരങ്ങൾ അതിൽ ചിലതു മാത്രം.
കുട്ടികൾ, വിദ്യാർഥികൾ, സ്ത്രീകൾ, മുതിർന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരെയും സംബന്ധിച്ച സമഗ്രവിഷയങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കുന്ന സമ്പൂർണ പോർട്ടൽ സമീപനമാണ് മനോരമ ഓൺലൈനിന്റേത്. സാമൂഹിക വിഷയങ്ങളിൽ ഒട്ടേറെ ക്യാംപെയ്നുകൾ നടത്തുന്നതിനൊപ്പം വിവിധ മത്സരങ്ങളിലൂടെ മികവിന് അംഗീകാരങ്ങളും സമ്മാനിക്കുന്നുണ്ട് മനോരമ ഓൺലൈൻ.
ഓരോ നിമിഷവും വാർത്തകളിലെ അപ്ഡേഷനുകള്‍ തേടിയെത്തുന്നവർക്കായി ഡെസ്ക്ടോപ്പിൽ മാത്രമല്ല മൊബൈലിലും ടാബ്‌ലറ്റിലും ഐപാഡിലും തുടങ്ങി ആപ്പിൾ വാച്ചിൽ പോലും അവയ്ക്കു ചേർന്ന രീതിയിൽ മനോരമ ഓൺലൈൻ മാറ്റങ്ങളുടെ പുതുമ അവതരിപ്പിച്ചിട്ടുണ്ട്. ഡെസ്ക്ടോപ്പിൽ നിന്നു മൊബൈലിലേക്കു വായന കൂടുമാറിയപ്പോൾ അവിടെയും മലയാളിക്ക് കൂട്ടായെത്താൻ മനോരമ ഓൺലൈനിനായി.
പുതുമകളിൽ ആദ്യം; മികവിന്റെ കയ്യൊപ്പോടെ...
വാർത്താലോകത്തെ ഡിജിറ്റൽ സാധ്യതകളെയെല്ലാം മനോരമ ഓൺലൈൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും മലയാളത്തിനു പരിചയപ്പെടുത്തിയതും മനോരമ ഓൺലൈനാണ്.
∙ 2006: മനോരമ പത്രം ഓൺലൈനായി വായിക്കാനുള്ള ഇ–പേപ്പർ സംവിധാനത്തിനു തുടക്കം.
∙ 2007: മലയാളത്തിലെ ആദ്യത്തെ ന്യൂസ് ആപ്. ഫോണിൽ മലയാള മനോരമ പത്രം വായിക്കാവുന്ന ഈ സംവിധാനം നോക്കിയയുമായി ചേർന്നാണ് ആരംഭിച്ചത്. കേരളത്തിൽ മാത്രമല്ല ഏതു വിദേശരാജ്യത്തുള്ള മലയാളിക്കും ഏതു സമയത്തും വാർത്ത മാതൃഭാഷയിൽ ലഭ്യമാക്കിയത് പ്രത്യേകത. മലയാളത്തിലെ ആദ്യ മൊബൈൽ ദിനപത്രമെന്ന വിശേഷണവും അതോടൊപ്പം മനോരമയ്ക്ക് സ്വന്തം.
∙ 2008: മനോരമ ഓൺലൈനിന്റെ ഇംഗ്ലിഷ് പതിപ്പിനു തുടക്കം. വൈവാഹിക വെബ്സൈറ്റായ ‘എം 4 മാരി’ക്കും ആരംഭം.
∙ 2009: റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായി ‘ഹലോ അഡ്രസ്’.
∙ 2010: മനോരമ ഓൺലൈൻ ഐഫോൺ ആപ്പിനു തുടക്കം.
∙ 2011: മനോരമ ഓൺലൈനിന്റെ ഐപാഡ് ആപ്പും ആൻഡ്രോയിഡ് ആപ്പും. ലോകപ്രശസ്ത ഡിസൈനർ മാരിയോ ഗാർഷ്യയാണ് ഐപാഡ് ആപ് രൂപകൽപന ചെയ്തത്. കേരളത്തിലെ മുഴുവൻ ബിസിനസ്/സര്‍വീസ് വിവരങ്ങളുമായി ‘ക്വിക്‌കേരള’ വെബ്സൈറ്റിനും തുടക്കം.
∙ 2013: വായനക്കാർക്കു മികച്ച ഡീലുകൾ ഒരുക്കി ‘എന്റെ ഡീൽ’ വെബ്സൈറ്റ്.
∙ 2015: മനോരമ ആപ്ലിക്കേഷൻ ആപ്പിൾ വാച്ചിലേക്ക്; മലയാളത്തിൽ നിന്ന് ആപ്പിൾ വാച്ചിലേക്കെത്തുന്ന ആദ്യ ആപ്. എന്തും വാങ്ങാനും വിൽക്കാനും ഇടമൊരുക്കി ‘ടപ്പേ ടപ്പേ’ വെബ്സൈറ്റിനും തുടക്കം.
∙ 2016: ആമസോൺ എക്കോയ്ക്കു വേണ്ടി ഏഷ്യയിൽ നിന്നുള്ള ആദ്യ സ്കിൽ സെറ്റ്. ദൃശ്യവൈവിധ്യത്തിന്റെ മായക്കാഴ്ചകളൊരുക്കി മനോരമ ഓൺലൈനിൽ 360 ഡിഗ്രി കാഴ്ചകൾക്കു തുടക്കം. ഡോക്ടര്‍മാരുടെ സേവനം ഒരൊറ്റ ക്ലിക്കിൽ ഉറപ്പാക്കി ‘ക്വിക്ക് ഡോക്കി’നു തുടക്കം.
∙ 2017: വിദ്യാർഥികളുടെ ഉന്നതപഠനത്തിനൊരു വഴികാട്ടിയായി മനോരമ ഹൊറൈസൺ പോർട്ടലിനു തുടക്കം
എന്നും മലയാളിക്കൊപ്പം; കൂടെച്ചേർന്നും പിന്തുണച്ചും
ഒരു മീഡിയ ഗ്രൂപ്പ് കേരളത്തിൽ ആദ്യമായൊരുക്കിയ ഡിജിറ്റൽ സംഗമം– ‘ടെക്സ്പെക്റ്റേഷൻസ്’ ഉൾപ്പെടെ ബിസിനസ്–സിനിമാ–സംഗീത മേഖലയിലെ വിവിധ പരിപാടികളും ഇക്കാലയളവിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ചു.
കോഡിങ്ങിലെ മികവിനുള്ള ‘ഹാക്കത്തൺ’ പുരസ്കാരം, കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റിയെ കണ്ടെത്താനുള്ള ‘ഹരിതനഗരം’, മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള ‘ചുറ്റുവട്ടം’ പുരസ്കാരം, ശുചിത്വത്തിൽ മികവു പ്രകടിപ്പിച്ച സ്കൂളുകൾക്കുള്ള ‘സീറോ വേസ്റ്റ്= 100 മാർക്ക്സ്’ പുരസ്കാരം, ആയുർവേദ വിദ്യാര്‍ഥികൾക്കുള്ള ‘ജീവനം’ പ്രബന്ധ രചനാ പുരസ്കാരം, മികച്ച ലഘുചിത്രത്തിനുള്ള ‘ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റ്’ പുരസ്കാരം, മാറ്റത്തിന്റെ മലയാളിപ്പെൺമുഖം കണ്ടെത്തിയ ‘മിസ് മില്ലനിയൽ’, മികച്ച ആശയത്തിനുള്ള ‘ബിഗ് ബിസിനസ് ഐഡിയ’ പുരസ്കാരം തുടങ്ങി പുതുമയാർന്ന മത്സരങ്ങളും മനോരമ ഓൺലൈൻ വായനക്കാർക്കായി ഒരുക്കി.
ഓൺലൈൻ ഒപി പോലുള്ള സംവേദന സങ്കേതങ്ങളും ഇതോടൊപ്പം വായനക്കാര്‍ക്കു മുന്നിലെത്തിച്ചു. പ്രവാസിമലയാളികൾക്കായി www.globalmalayali.in, പ്രാദേശികവാർത്തകൾക്കായുള്ള ചുറ്റുവട്ടം വിഭാഗം – www.chuttuvattom.com എന്നിവയും മനോരമ ഓൺലൈനിന്റെ കുടക്കീഴിലുണ്ട്.
മലയാള മനോരമയുടെ പ്രധാന പ്രസിദ്ധീകരണങ്ങൾ എല്ലാം ഇന്ന് അച്ചടിക്കു തൊട്ടുപിന്നാലെ ഇ–പതിപ്പായി കംപ്യൂട്ടറിലും മൊബൈലുകളിലും ടാബിലും വായിക്കാം. ഡിജിറ്റൽ ക്ലാസിഫൈഡ്സ് രംഗത്ത് വൈവിധ്യമാർന്ന ശ്രേണിയാണ് മനോരമ ഓണ്‍ലൈനിന്റേത് – www.m4marry.com, www.helloaddress.com, www.quickerala.com, www.qkdoc.com, www.entedeal.com, www.tapeytapey.com തുടങ്ങിയവ.
വായനയുടെ പൂർണതയ്ക്ക് നേട്ടത്തിന്റെ മുദ്രകൾ
∙ മികച്ച പ്രാദേശിക വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര പുരസ്കാരം (2010)
∙ വാൻ–ഇഫ്ര യങ് റീഡർ പുരസ്കാരം (2010)
∙ മികച്ച ന്യൂസ്പേപ്പർ വെബ്സൈറ്റിനുള്ള ഏഷ്യൻ ഡിജിറ്റൽ മീഡിയ അവാർഡ് (2011)
∙ കുട്ടികളുടെ വിഷയങ്ങളിലെ മികവിനുള്ള യുഎസ് കമ്യൂണിക്കേറ്റർ പുരസ്കാരം (2011)
∙ മികച്ച മൊബൈൽ പബ്ലിക്കേഷനുള്ള വാൻ–ഇഫ്ര ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം (2012, 2013, 2015)
∙ യൂണിയൻ ജർമൻ മലയാളി അസോസിയേഷന്റെ ‘ഉഗ്മ’ പുരസ്കാരം (2010)
∙ ഏറ്റവും മികച്ച ന്യൂസ് വൈബ്സൈറ്റിനുള്ള സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ അവാർഡ് – സ്വർണ മെഡൽ, മനോരമ ഓൺലൈനിന്റെ ഇംഗ്ലിഷ് വിഭാഗമായ ഓൺമനോരമയ്ക്ക് ഇതേവിഭാഗത്തില്‍ വെങ്കല മെഡൽ (2016)
∙ ലോകത്തിലെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര പുരസ്കാരം (2016)
∙ വിഡിയോ മേഖലയിലെ മികവിനുള്ള ടെല്ലി പുരസ്കാരം മനോരമ 360യ്ക്ക് (2017)
∙ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച കവറേജിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്കാരം നാലു തവണ (2012, 2013, 2015, 2016)
∙ ഇ–ന്യൂസ് ഉള്ളടക്കത്തിലെ മികവിന് സൗത്ത് ഏഷ്യ മന്ഥൻ അവാർഡ് (2007)
∙ മനോരമ ഓൺലൈനിന്റെ പ്രാദേശിക വാർത്താവിഭാഗമായ ചുറ്റുവട്ടത്തിന് മികച്ച പ്രാദേശിക വാർത്താ വെബ്സൈറ്റിനുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) പുരസ്കാരം (2011, 2015)
∙ ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മികച്ച കവറേജിനുള്ള സർക്കാർ പുരസ്കാരം (2012)
∙ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ ഏറ്റവും മികച്ച കവറേജിന് സർക്കാർ ഏർപ്പെടുത്തിയ ആദ്യ പുരസ്കാരം (2017)