‘അച്ചടി’ പിഴവായി; അടി കിട്ടിയത് കമ്മിഷന്

മലപ്പുറം ∙ സിപിഐ സംസ്ഥാന സമ്മേളനത്തെ വിവാദത്തിലാക്കിയ കൺട്രോൾ കമ്മിഷനു ‘പണി കിട്ടി’. കമ്മിഷനെതിരെ കേന്ദ്രനേതൃത്വം തിരിഞ്ഞതോടെ ഉടച്ചുവാർക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. സമ്മേളനത്തിലുയർന്ന വികാരവും പ്രേരണയായി.

മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനും ഒരുവിഭാഗം നേതാക്കൾക്കുമെതിരെ ഗുരുതര ആക്ഷേപങ്ങളാണ് കമ്മിഷൻ ഉന്നയിച്ചത്. ഭൂമി ഇടപാട് അടക്കമുള്ള റിപ്പോർട്ടിലെ നിഗമനങ്ങൾ ആരും നിഷേധിച്ചിട്ടില്ല. പക്ഷേ, രേഖ സംസ്ഥാന നിർവാഹക സമിതിയുടെയോ കൗൺസിലിന്റെയോ ശ്രദ്ധയിൽപ്പെടുത്താതെ അച്ചടിച്ചു വിതരണം ചെയ്തത് എതിർവികാരമുണ്ടാക്കി. ഉള്ളടക്കം താനും അറിഞ്ഞില്ലെന്നു പറഞ്ഞു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻകൂടി കൈകഴുകിയതോടെ കമ്മിഷനെ രക്ഷിക്കാൻ ആരുമില്ലാതായി. ഇസ്മായിൽ കേന്ദ്രനേതൃത്വത്തിനു നൽകിയ പരാതിയും കണക്കിലെടുക്കേണ്ടിവന്നു.

കേന്ദ്രനേതാക്കൾ തന്നെ കമ്മിഷനിൽ മാറ്റം വരുത്തണമെന്നു നിർദേശിക്കുകയായിരുന്നു. പാനൽ തയാറാക്കാനായി ഇന്നലെ ചേർന്ന എക്സിക്യൂട്ടിവിലും അവരോടുള്ള എതിർപ്പാണു നിറഞ്ഞത്. ഇതോടെ വെളിയം രാജൻ, എ.കെ. ചന്ദ്രൻ, ഇ.എ. കുമാരൻ, മുണ്ടപ്പിള്ളി തോമസ്, എൻ. ദാമോദരൻനായർ എന്നിവരെ ഒഴിവാക്കി. മാറ്റം വരുത്താറുണ്ടെങ്കിലും ഇങ്ങനെ അടിമുടി അഴിച്ചുപണി അസാധാരണമായി. ജെ. ഉദയഭാനു, ജോയിക്കുട്ടി ജോസ്, സി.പി. മുരളി എന്നിവരെ നിലനിർത്തി. ഒഴിയാനുള്ള രാജന്റെ സന്നദ്ധത കണക്കിലെടുക്കാതെ, മാറ്റാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ജെ. വേണുഗോപാലൻനായർ, എച്ച്. രാജീവൻ, എം.പി. വിദ്യാധരൻ, മാത്യു വർഗീസ്, കെ.കെ. അഷ്റഫ്, എ.എൻ. രാജൻ എന്നിവരാണ് പുതിയ അംഗങ്ങൾ. മുതിർന്ന നേതാവായിരുന്ന അന്തരിച്ച ഇ. ചന്ദ്രശേഖരൻനായരായിരുന്നു നേരത്തേ കൺട്രോൾ കമ്മിഷൻ ചെയർമാൻ. പുതിയ കമ്മിഷന്റെ ചെയർമാനെ പിന്നീടു തിരഞ്ഞെടുക്കും.

കൺട്രോൾ കമ്മിഷനിൽ ആറു പുതുമുഖങ്ങൾക്കാണ് അവസരമൊരുങ്ങിയത്. 26 പുതുമുഖങ്ങളുമായി സംസ്‌ഥാന സമിതിയിലെ അംഗസംഖ്യ 89ൽ നിന്ന് 96 ആയി. ഇവരിൽ 13 വനിതകളുണ്ട്. എട്ടുപേർ പുതുമുഖങ്ങൾ. സംസ്‌ഥാന സമിതിയിൽനിന്ന് 18 പേർ ഒഴിവായി. ഇതിൽ 12 പേരെ പൂർണമായി ഒഴിവാക്കി. ആറു പേർക്ക് മറ്റു സമിതികളിൽ ഇടം നൽകി. സംസ്‌ഥാന കൗൺസിലിനു പുറമെ ഒൻപതംഗ കൺട്രോൾ കമ്മിഷനെയും 10 കാൻഡിഡേറ്റ് അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളായി 100 പേരെയും തിരഞ്ഞെടുത്തു.