മലപ്പുറം∙ കേന്ദ്രനേതൃത്വത്തിന്റെ ഉറച്ച പിന്തുണ കാനം രാജേന്ദ്രനു കാര്യങ്ങൾ അനായാസമാക്കി. ഇനി കൊല്ലത്തെ പാർട്ടി കോൺഗ്രസിൽ കാണാമെന്ന നിലയിൽ ഇരുപക്ഷവും പിരിഞ്ഞു. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി പുതിയ സംസ്ഥാന കൗൺസിൽ ചേരുന്നതിനു തൊട്ടുമുമ്പു കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള എസ്.സുധാകർ റെഡ്ഡി, ഡി.രാജ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ഒത്തുചേർന്നു കാനത്തിന്റെ പേര് നിർദേശിക്കാൻ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.
നാടകീയമായ എതിർപ്പിനു സാധ്യതയുള്ളതിനാൽ സുധാകർ റെഡ്ഡി തന്നെ കാനത്തിന്റെ പേര് സംസ്ഥാന കൗൺസിലിൽ നിർദേശിച്ചു. പന്ന്യൻ പിന്താങ്ങി. കേന്ദ്ര പിന്തുണയും സംസ്ഥാന കൗൺസിലിൽ കാനത്തിനുള്ള മുൻതൂക്കവും ഇസ്മായിൽ പക്ഷത്തെ പിൻവാങ്ങാൻ പ്രേരിപ്പിച്ചു. അവർ ഉദ്ദേശിച്ചിരുന്ന സി. ദിവാകരൻ, മത്സരിക്കാൻ താനില്ലെന്നു നേതാക്കളെ അറിയിച്ചിരുന്നു. തനിക്കെതിരെ കുറ്റപത്രം നിരത്തിയ സംസ്ഥാന കൺട്രോൾ കമ്മിഷൻ ഉടച്ചുവാർത്തതും കടുത്ത നീക്കങ്ങളിൽനിന്ന് ഇസ്മായിലിനെ പിന്തിരിപ്പിച്ചു.
ജില്ലകളിൽ അതേസമയം കണക്കുതീർക്കലുകൾ നടന്നു. ഇസ്മായിലിന്റെ വിശ്വസ്തനായ മുൻ രാജ്യസഭാംഗം എം.പി. അച്യുതനെ സംസ്ഥാന ക്വോട്ടയിൽനിന്നൊഴിവാക്കി. തിരുവനന്തപുരം ജില്ലയും അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നതോടെ അച്യുതൻ കൗൺസിലിൽനിന്നു പുറത്തായി. കൊല്ലത്തു കാനം പക്ഷത്തെ ആർ.വിജയകുമാറിനെ ആദ്യം ഒഴിവാക്കിയതു ബഹളത്തിനു വഴിവച്ചു. ഒടുവിൽ സംസ്ഥാനനേതൃത്വം ഇടപെട്ട് ഉൾപ്പെടുത്തി.
ഇടുക്കിയിൽ ഇസ്മായിൽ പക്ഷം തിരിച്ചടിച്ചു. കാനത്തിന്റെ വിശ്വസ്തനായ വാഴൂർ സോമനെ തെറിപ്പിച്ചു. ഒഴിവാകാൻ താൻ സന്നദ്ധനായിരുന്നുവെന്നാണു സോമന്റെ വിശദീകരണം. അച്ചടക്കനടപടിയുടെ ഭാഗമായി നേരത്തെ കൗൺസിലിൽനിന്നു തരംതാഴ്ത്തിയ ഇ.എസ്. ബിജിമോൾ തിരിച്ചെത്തി. സോമനെതിരെ സംസ്ഥാന നേതൃത്വത്തോടു നേരത്തെ ബിജിമോൾ പരാതിപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഈ മാറ്റം ശ്രദ്ധേയമായി.
സാമ്പത്തികത്തട്ടിപ്പു നടത്തി പാർട്ടിയെ അവമതിപ്പിലാക്കിയെന്നു സംസ്ഥാന കൺട്രോൾ കമ്മിഷൻ കുറ്റപ്പെടുത്തിയ സി.പി. ഷൈജൻ കണ്ണൂരിൽനിന്നു സംസ്ഥാന കൗൺസിലിലെത്തിയാണു തിരിച്ചടിച്ചത്. വയനാട്ടിൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ തോൽപിക്കപ്പെട്ട പി.കെ. മൂർത്തിയും സംസ്ഥാന കൗൺസിലിൽ ഇടംപിടിച്ചു. എറണാകുളത്ത് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. യുവാക്കൾക്കു മികച്ച പ്രാതിനിധ്യം നൽകുന്നതിൽ നേതൃത്വം ശ്രദ്ധിച്ചു. വനിതാപ്രാതിനിധ്യവും കൂടി. നാലുമന്ത്രിമാരും കൗൺസിലിലുണ്ട്. കൗൺസിലിൽ കാനം വിഭാഗത്തിനു വ്യക്തമായ ആധിപത്യമാണുള്ളത്. തങ്ങളെ പിന്തുണയ്ക്കുന്ന സംസ്ഥാന കൗൺസിൽ അംഗങ്ങളെ കൂടുതലായി കൊണ്ടുവരാനുള്ള ഇസ്മായിൽ വിഭാഗത്തിന്റെ നീക്കം നടന്നില്ല.
ദേശീയ നിർവാഹക സമിതിയിൽനിന്ന് ഇസ്മായിലിനെ പുറന്തള്ളാനുള്ള നീക്കത്തിന്റെ തുടക്കമാണ്, സംസ്ഥാന സമ്മേളനത്തിലെ ഈ പടനീക്കമെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. നേരത്തെ തോമസ് ചാണ്ടി വിഷയത്തിലെ അദ്ദേഹത്തിന്റെ പരസ്യപ്രസ്താവനയിൽ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള നീക്കത്തെ പ്രതിനിധികളുടെ പിന്തുണയോടെ പ്രതിരോധിക്കാൻ ഇസ്മായിലിനു കഴിഞ്ഞെങ്കിലും അദ്ദേഹത്തിനു മുന്നിലുള്ളതു സംഘടനാപരമായ വെല്ലുവിളികളുടെ ദിനങ്ങളാണ് ഇനി. ഏപ്രിൽ ഒടുവിൽ കൊല്ലത്താണു പാർട്ടി കോൺഗ്രസ്.