മലപ്പുറം∙ സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ രൂക്ഷവിമര്‍ശനം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖന്‍ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരെപ്പോലുള്ളവരെ കണ്ടുപഠിക്കണമെന്നു പ്രതിനിധികള്‍ വിമര്‍ശിച്ചു. പേരില്‍ മാത്രം ചന്ദ്രശേഖരനുണ്ടായിട്ടു കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണം. റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകാന്‍ മന്ത്രിക്കു കഴിയുന്നില്ല. ഉദ്യോഗസ്ഥരാണു വകുപ്പ് ഭരിക്കുന്നത്. പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചുള്ളകാര്യങ്ങൾ വകുപ്പില്‍ നടപ്പിലാകുന്നില്ല. മൂന്നാര്‍ അടക്കമുള്ള ഭൂമി വിഷയങ്ങളില്‍ മന്ത്രി സ്വീകരിച്ച നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി മാറിയെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അനാവശ്യമായി ഇടപെടുന്നു. ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസാണ്. സര്‍ക്കാരിനു മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്നും സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. വീടില്ലാത്തവര്‍ക്കു വീടുവച്ചുനല്‍കുന്ന പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായവര്‍ ഇടംപിടിക്കുന്നില്ലെന്നും പദ്ധതി തട്ടിപ്പാണെന്നുമാണു വിമര്‍ശനം.
സിപിഐ ദേശീയ േനതൃത്വത്തിനെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ യഥാസമയം പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം മാറി നില്‍ക്കുകയാണ്. ഇതു പ്രശ്നങ്ങൾ വഷളാക്കുന്നതായും പ്രതിനിധികള്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സി.എന്‍. ചന്ദ്രനെതിരെ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ‘തലശേരി മണ്ഡലം സമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമുണ്ടായപ്പോള്‍ ഇടപെടേണ്ടിയിരുന്നത് അന്നു പാര്‍ട്ടിയുടെ അസി. സെക്രട്ടറിയും സംസ്ഥാന സംഘടനാ കമ്മിറ്റി കണ്‍വീനറുമായിരുന്ന സി.എന്‍. ചന്ദ്രന്‍റെ ഉത്തരവാദിത്തമായിരുന്നു. പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമായി മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്ത നടപടിയും സി.എന്‍. ചന്ദ്രന്‍ തടയേണ്ടതായിരുന്നു. സി.എന്‍. ചന്ദ്രന്‍ പ്രസിഡന്റായ എന്‍.ഇ. ബാലറാം സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടത്തുന്നതിലും വീഴ്ചയുണ്ടായി’ - റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുനാഗപ്പള്ളി എംഎല്‍എ രാമചന്ദ്രനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. ചവറ മണ്ഡലം കമ്മിറ്റിക്കു വേണ്ടി സ്ഥലം വാങ്ങിയതിലും വിറ്റതിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.