മലപ്പുറത്തെ ചുവപ്പിച്ച റാലിയോടെ സിപിഐ സംസ്‌ഥാന സമ്മേളനത്തിന് സമാപനം

വീറോടെ മുന്നോട്ട്: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്തു നടന്ന റാലിയിൽ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ, ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

മലപ്പുറം ∙ പതിനായിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തോടെ സിപിഐ സംസ്‌ഥാന സമ്മേളനത്തിന് ആവേശകരമായ സമാപനം. നഗരത്തിലെ കുന്നുമ്മലിൽനിന്ന്, താഴെ പൊതുസമ്മേളനവേദിയായ കിഴക്കേത്തല പാടംവരെ റെഡ് വൊളന്റിയർ മാർച്ചും റാലിയും ചുവപ്പുപുഴയായൊഴുകി. ആയിരക്കണക്കിന് റെഡ് വൊളന്റിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. പ്രതിനിധി സമ്മേളനവേദിയായ റോസ് ലോഞ്ചിൽനിന്ന് സമ്മേളന പ്രതിനിധികൾ പ്രകടനമായി പൊതുസമ്മേളന വേദിയിലെത്തി.

പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്‌ഡി ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡി.രാജ, പന്ന്യൻ രവീന്ദ്രൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ആനി രാജ, കെ.ഇ.ഇസ്‌മായിൽ, ബിനോയ് വിശ്വം, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, കെ.രാജു എന്നിവർ പ്രസംഗിച്ചു. നാലുദിവസത്തെ സമ്മേളനത്തിനും ഒരുമാസത്തെ അനുബന്ധ പരിപാടികൾക്കും ഇതോടെ സമാപനമായി.