ആദിവാസിയോ? ഓട്ടത്തിനില്ലെന്ന് ആംബുലൻസ് ഡ്രൈവർ

പാലക്കാട് ∙ അപകടത്തിൽ പരുക്കേറ്റു ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസുകാർ വിസമ്മതിച്ചു. തുടർന്നു പൊലീസ് മറ്റൊരു ആംബുലൻസ് പിടിച്ചെടുത്തു രോഗിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിക്കാണ് (50) പരുക്കേറ്റത്. സൈക്കിളിൽ ബൈക്കിടിച്ചെന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.

താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ഇന്നലെ വൈകിട്ട് ആറരയോടെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഈ സമയത്തു ലഭ്യമല്ലായിരുന്നു. ട്രൈബൽ പ്രമോട്ടർ ബിന്ദു അത്യാഹിത വിഭാഗം മുഖേന ആശുപത്രി പരിസരത്തു നിർത്തിയിട്ടിരുന്ന ആംബുലൻസിലെ ഡ്രൈവറെ വിളിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട ആളെ തൃശൂരിലേക്ക് കൊണ്ടുപോകാനാണ് എന്നറിയിച്ചപ്പോൾ ‘ആദിവാസിയാണെങ്കിൽ വരില്ല’ എന്നായിരുന്നു മറുപടിയത്രെ.

തുടർന്നു പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം അറിയിച്ചു. അവിടെ നിന്നു വിളിച്ചപ്പോഴും ഇതേ മറുപടിയായിരുന്നു. തുടർന്നു സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.മനോജ്കുമാർ, അഡീ. എസ്ഐ അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കോട്ടമൈതാനം പരിസരത്തു നിർത്തിയിട്ടിരുന്ന ആംബുലൻസുകളിലൊന്നു നിർബന്ധപൂർവം വരുത്തി കറുപ്പച്ചാമിയെ തൃശൂരിലേക്ക് കൊണ്ടുപോയി. ആദിവാസിയാണെങ്കിൽ വരില്ലെന്നു പറഞ്ഞ ആംബുലൻസ് ഡ്രൈവറോട് രാത്രിയിൽ തന്നെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. 

എസ്ടി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുക്കും

സംഭവത്തിൽ ട്രൈബൽ പ്രമോട്ടറിൽ നിന്നടക്കം പരാതി വാങ്ങി ഡ്രൈവർക്കെതിരെ എസ്ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ‍‌ പൊലീസ് നടപടി തുടങ്ങി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആംബുലൻസ് ഡയറക്ടറി തയാറാക്കാനാണു പരിപാടി. ഡയറക്ടറിയിൽ ഉൾപ്പെട്ട ആംബുലൻസുകളുടെ സേവനം ഏതു സമയത്തു വിളിച്ചാലും ലഭ്യമാക്കും. വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും.