Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്ദിഗ്രാമിലെ മണ്ണുമായി കീഴാറ്റൂരിൽ ബിജെപി മാർച്ച്

Keezhattor BJP കീഴാറ്റൂരിൽനിന്നു കണ്ണൂരിലേക്കു ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ കർഷകരക്ഷാ മാർച്ചിനു കീഴാറ്റൂരിൽ തുടക്കം കുറിച്ചപ്പോൾ.

തളിപ്പറമ്പ് ∙ നെൽവയൽ നികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ബിജെപി കീഴാറ്റൂരിൽ നിന്നു കണ്ണൂരിലേക്കു പദയാത്ര നടത്തി. വയൽക്കിളി നേതാക്കളായ നമ്പ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂർ എന്നിവരുടെ സാന്നിധ്യത്തിൽ, കീഴാറ്റൂർ വയലിൽ വയൽക്കിളികളുടെ സമരപ്പന്തലിൽ നിന്നാണു ജാഥ തുടങ്ങിയത്. പശ്ചിമബംഗാളിൽ സിപിഎമ്മിന്റെ തകർച്ചയ്ക്കു തുടക്കമിട്ട നന്ദിഗ്രാമിൽ‌ നിന്നുള്ള മൺതരികൾ കീഴാറ്റൂർ വയലിൽ നിക്ഷേപിച്ചുകൊണ്ടായിരുന്നു തുടക്കം.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് നയിച്ച യാത്രയുടെ ഉദ്ഘാടനം ദേശീയ സെക്രട്ടറിയും നന്ദിഗ്രാം സമരനേതാവുമായ രാഹുൽ‌ സിൻഹ നിർവഹിച്ചു. ബംഗാളിൽ സിപിഎമ്മിന് അന്ത്യം കുറിച്ചതു നന്ദിഗ്രാമിലെ സമരമാണെങ്കിൽ കേരളത്തിൽ സിപിഎമ്മിന്റെ അന്ത്യശ്വാസം മുഴങ്ങുന്നതു കീഴാറ്റൂരിലാണെന്നു രാഹുൽ സിൻഹ പറഞ്ഞു. കീഴാറ്റൂർ വയലിലെ ഒരുതരി മണ്ണുപോലും അഴിമതിക്കാർക്കു വിട്ടുകൊടുക്കാൻ ബിജെപി അനുവദിക്കില്ല. ബംഗാളിനു ശേഷം ത്രിപുരയിൽ ജനാധിപത്യ മാർഗത്തിലൂടെയാണു സിപിഎമ്മിനെ പുറത്താക്കിയത്. കേരളത്തിൽ സിപിഎം ഇല്ലാതാകാൻ പോകുന്നതിന്റെ തുടക്കമാണു കീഴാറ്റൂരിലേതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരൻ, പി.ബാലകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, സംവിധായകൻ അലി അക്ബർ എന്നിവർ പ്രസംഗിച്ചു. വയൽക്കിളി സമരനായിക നമ്പ്രാടത്ത് ജാനകി പി.കെ.കൃഷ്ണദാസിനും രാഹുൽ സിൻഹക്കും പാളത്തൊപ്പിയും കതിർകറ്റയും നൽകി. സുരേഷ് കീഴാറ്റൂർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രാഹുൽ സിൻഹ കൊണ്ടുവന്ന നന്ദിഗ്രാമിലെ മണ്ണ് നമ്പ്രാടത്ത് ജാനകിയും രാഹുൽ സിൻഹയും ചേർന്നു കീഴാറ്റൂർ വയലിൽ വിതറി. തുടർന്നു വയൽവന്ദനവും നടത്തിയാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ പൊരിവെയിലിൽ തുടങ്ങിയ പദയാത്ര 22 കിലോമീറ്റർ പിന്നിട്ടു വൈകിട്ട് ആറരയോടെ കണ്ണൂർ നഗരത്തിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ബി.ഗോപാലകൃഷ്ണൻ, കെ.രഞ്ജിത്ത്, വി.രത്നാകരൻ, കെ.കെ.വിനോദ്കുമാർ, എൻ.രതി, ബിജു ഏളക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

അതേസമയം, സമരപ്പന്തലിൽ ബിജെപിക്കു വേദി അനുവദിച്ചതിനെതിരെ വയൽക്കിളി സമര ഐക്യദാർഢ്യ സമിതി രംഗത്തെത്തി. കോർപറേറ്റ് വികസന അജൻഡയ്ക്കു വേണ്ടി നിലകൊള്ളുന്ന ബിജെപി, കീഴാറ്റൂരിലെ കോർപറേറ്റ് വികസനവിരുദ്ധ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഐക്യദാർഢ്യ സമിതി കുറ്റപ്പെടുത്തി. ബിഒടി വികസനത്തിനു വേണ്ടി ഏറ്റവും നന്നായി പ്രവർത്തിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസർക്കാർ അനുമോദിച്ചതു സംബന്ധിച്ചു ബിജെപി നിലപാടു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.