സിബിഎസ്ഇ മൂല്യനിർണയം: പ്രതിഫലം കിട്ടാൻ മൂന്നു മാസം; അധ്യാപകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം∙ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മൂല്യനിർണയം നടത്തുന്ന അധ്യാപകർക്കു മൂന്നു മാസത്തിനു ശേഷമേ പ്രതിഫലം നൽകൂവെന്ന് അധികൃതർ. മുമ്പ് മൂല്യനിർണയം അവസാനിക്കുമ്പോൾതന്നെ പ്രതിഫലം നൽകിയിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം വിദ്യാർഥികൾക്കു പരാതിയുണ്ടെങ്കിൽ പേപ്പർ നോക്കിയവരിൽനിന്നു പിഴ ഈടാക്കാനാണു പ്രതിഫലം നൽകാത്തതെന്ന് അറിയുന്നു.

മൂല്യനിർണയത്തിന് അധ്യാപകർ എത്തിയില്ലെങ്കിൽ സ്കൂളിന് 50,000 രൂപ പിഴ ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയാണു ക്യാംപുകളിൽ അധ്യാപകരെ എത്തിച്ചത്. ദിവസവും എട്ടു മണിക്കൂറിലേറെ നീണ്ട ക്യാംപിനു സ്വന്തം ചെലവിൽ എത്തിയ അധ്യാപകർ പ്രതിഫലം ഉടനെങ്ങും കിട്ടില്ലെന്നറിഞ്ഞു നിരാശരാണ്.

മൂല്യനിർണയ ക്യാംപുകളിൽ അധ്യാപകർക്കു പ്രതിഫലം ലഭിക്കുന്നുവെന്നതിനാൽ ചില അൺ എയ്ഡഡ് സ്കൂളുകൾ അവധിക്കാലത്ത് അവർക്കു ശമ്പളം നൽകാറില്ല. കഴിഞ്ഞ അധ്യയന വർഷം പ്രാക്ടിക്കൽ പരീക്ഷാജോലി ചെയ്തവർക്ക് ഇതുവരെ സിബിഎസ്ഇ പ്രതിഫലം നൽകിയിട്ടില്ല. പ്രതിഷേധിച്ചാൽ ജോലി പോകുമോയെന്നു പേടിച്ചു നിശ്ശബ്ദരായി കഴിയുകയാണ് അധ്യാപകർ.

സയൻസിന്റെയും മറ്റും ഉത്തരക്കടലാസുകൾ അശാസ്ത്രീയമായാണു സിബിഎസ്ഇ മൂല്യനിർണയം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഒരു പേപ്പറായതിനാൽ മൂന്നു വിഷയങ്ങളും പഠിപ്പിക്കുന്നവർ ഈ പേപ്പറുകൾ മൂല്യനിർണയം നടത്തുന്നുണ്ട്.

ഫിസിക്സ് അധ്യാപകൻ കെമിസ്ട്രിക്കും ബയോളജിക്കും മാർക്കിടുന്നു. തിരിച്ച് കെമിസ്ട്രി, ബയോളജി അധ്യാപകർ മറ്റു രണ്ടു വിഷയങ്ങൾക്കും മാർക്കിടുന്നുണ്ട്. സോഷ്യൽ സയൻസും ജ്യോഗ്രഫിയും ഒരു പേപ്പറായതിനാൽ ഹിസ്റ്ററിയും ജ്യോഗ്രഫിയും പഠിപ്പിക്കുന്ന അധ്യാപകർ രണ്ടു വിഷയങ്ങൾക്കും മാർക്കിടുകയാണ്.