അമ്പലപ്പുഴ ∙ ഭാഗ്യദേവതയ്ക്കു മനോഹരന്റെ പിന്നാലെ നടന്നു മതിയായിട്ടില്ല. മൂന്നു വർഷത്തിനിടയിൽ മൂന്നാം തവണയും മനോഹരന്റെ പോക്കറ്റിൽ ഒന്നാം സമ്മാനത്തിന്റെ എഴുപതു ലക്ഷം രൂപ വാരിയിട്ടു ഭാഗ്യദേവത അമ്പലപ്പുഴ വഴി കടന്നുപോയി. ഭാഗ്യവാന്റെ അഹംഭാവമൊന്നുമില്ലാത്ത മനോഹരമായൊരു ചിരിയിൽ സന്തോഷമൊതുക്കി തകഴി പടഹാരം ലക്ഷ്മി ഗോകുലത്തിൽ മനോഹരൻ വീണ്ടും ലോട്ടറി ടിക്കറ്റും വാങ്ങി വീട്ടിലേക്കു നടന്നു.
ഇന്നലെ നടന്ന നിർമൽ ഭാഗ്യക്കുറിയുടെ അറുപത്തിയഞ്ചാം നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്കു മനോഹരൻ അർഹനായത്. കഴിഞ്ഞ രണ്ടു വർഷവും ഓരോ തവണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ മനോഹരന് ഇതു ഹാട്രിക് നേട്ടം.
ഒന്നാം സമ്മാനം നേടിയ എല്ലാ ടിക്കറ്റുകളുടെയും വിവരങ്ങൾ കൈയിലുള്ള ബുക്കിൽ മനോഹരൻ ഭദ്രമായി കുറിച്ചുവച്ചിട്ടുണ്ട്. ആലപ്പുഴയിൽ പോയി മടങ്ങുംവഴി ഇന്നലെ വൈകിട്ട് അമ്പലപ്പുഴ പടിഞ്ഞാറെനടയിൽ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശ്രീവത്സം ഏജൻസിയിൽ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം തന്റെ പക്കലുള്ള എൻആർ 212329 നമ്പർ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. ഇതേ സീരീസിൽ മനോഹരൻ വാങ്ങിയ 10 ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായ 10,000 രൂപ വീതം വേറെയും കിട്ടും. ഇതേ സീരീസിൽ 12 ടിക്കറ്റ് വാങ്ങുകയായിരുന്നു മനോഹരന്റെ ലക്ഷ്യം. പക്ഷേ, അതിലൊന്ന് മറ്റാരോ വാങ്ങി. ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ ഇന്നു ടിക്കറ്റ് നൽകും.
2016 ഓഗസ്റ്റ് 28നു നറുക്കെടുത്ത പൗർണമി ടിക്കറ്റിലൂടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ചു. 2017 നവംബർ 10ന് നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയും കിട്ടി.
കെഎസ്ഇബി അമ്പലപ്പുഴ സെക്‌ഷൻ ഓഫിസിൽ നിന്ന് ഓവർസിയറായി 2009ൽ വിരമിച്ച ശേഷമാണു മനോഹരൻ ഭാഗ്യമന്വേഷിക്കാൻ തുടങ്ങിയത്.
ഈ പണമൊക്കെ എന്തു ചെയ്തു?
ആദ്യം കിട്ടിയ രണ്ട് ഒന്നാം സമ്മാനങ്ങളിലുമായി ഒരു കോടിയിലധികം രൂപ കൈയിൽ കിട്ടിയപ്പോൾ എന്തു ചെയ്തെന്ന ചോദ്യം കേട്ടു മനോഹരൻ ഒന്നു ചിരിച്ചു. ആദ്യമടിച്ച ലോട്ടറിയിലെ കുറച്ചു തുക വീടു പുതുക്കിപ്പണിയാൻ ഉപയോഗിച്ചു. രണ്ടാമത്തെ സമ്മാനത്തിൽ നിന്നൊരു വിഹിതം ബാങ്കിലിട്ടെന്നും മനോഹരൻ പറഞ്ഞു. ഇപ്പോൾ കിട്ടുന്ന തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല.
ആർ.വനജയാണു ഭാര്യ. ഇലക്ട്രിക്കൽ കരാറുകാരനായ സജിത്തും ആലപ്പുഴ എസ്ഡി കോളജിലെ ഗെസ്റ്റ് ലക്ചററായ ലക്ഷ്മിയുമാണു മക്കൾ. മരുമകൻ സുജിത്ത്.