Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതരസംസ്ഥാന ലോട്ടറികൾക്ക് ഇനി കേരളത്തിൽ വൻ ഫീസ്

Lottery

തിരുവനന്തപുരം∙ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറികളെ നിയന്ത്രിക്കാൻ വമ്പൻ ഫീസ് ഏർപ്പെടുത്തി കേരളം. ലോട്ടറി ചട്ടം ഭേദഗതി ചെയ്താണു ഫീസ് ഏർപ്പെടുത്തിയത്. കേരളത്തിൽ പ്രവർത്തിക്കുന്ന ലോട്ടറികൾ ഓരോ നറുക്കെടുപ്പിനും ഇനി നികുതിക്കു പുറമെ 50 ലക്ഷം രൂപ ഫീസ് നൽകണം. ബംപർ ലോട്ടറിയാണെങ്കിൽ ഫീസ് ഒരു കോടി രൂപയാകും. കേരള സംസ്ഥാന ലോട്ടറിയും ഇനി മുതൽ ഈ ഫീസ് നൽകണം.

കനത്ത ഫീസ് ഏർപ്പെടുത്തിയതോടെ ഇതരസംസ്ഥാന ലോട്ടറികളുടെ വരവു നിയന്ത്രിക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. മിസോറം ലോട്ടറി വിൽപന കേരളത്തിൽ തടഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുകൂലവിധി ലഭിച്ചതിനെത്തുടർന്നാണു സർക്കാർ ലോട്ടറി ചട്ടം ഭേദഗതി ചെയ്തത്. നിലവിൽ, ചട്ടം ലംഘിച്ചാൽ നടപടിയെടുക്കാൻ മാത്രമേ സംസ്ഥാന സർക്കാരിന് അധികാരമുള്ളൂ.

ഇതരസംസ്ഥാന ലോട്ടറികൾക്കു സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് 2003ലെ ലോട്ടറി ചട്ടത്തിൽ നിബന്ധനയുണ്ടായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ കേസ് ഉണ്ടായതിനെത്തുടർന്നു വ്യവസ്ഥ പിൻവലിക്കുകയായിരുന്നു.