Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റനമ്പര്‍ ലോട്ടറി സജീവം; പൊലീസിനെ കബളിപ്പിക്കാൻ വാട്സാപ് ഗ്രൂപ്പ്

one-number-lottery

കോഴിക്കോട് ∙ പൊലീസിന്റെ കണ്ണുവെട്ടിച്ചു വാട്സാപ് ഗ്രൂപ്പുകള്‍ വഴി ഒറ്റനമ്പര്‍ ലോട്ടറികള്‍ വീണ്ടും സജീവം. അപരിചിതരെ അകറ്റിനിര്‍ത്തിയാണു കണ്ണിമുറിയാത്ത ശൃംഖല വഴി കോടികളുടെ അനധികൃത ലോട്ടറിവില്‍പ്പന നടക്കുന്നത്. പൊലീസ് പിടിയിലാകുന്നവര്‍ പിഴയടച്ചു രക്ഷപ്പെടുന്നതോടെ ഉറവിടം കണ്ടുപിടിക്കാനുമാകുന്നില്ല.

നാട്ടിലെ ലോട്ടറികടകളിലെല്ലാം കച്ചവടം സജീവമാണ്. പക്ഷേ അപരിചിതരെ അടുപ്പിക്കില്ല. തെളിവുകള്‍ അവശേഷിപ്പിക്കാതെയാണു വില്‍പ്പന. ഒരു നമ്പറിന് 10 രൂപ, ഒത്തുവന്നാല്‍ നമ്പര്‍ ഒന്നിന് 5000 രൂപ സമ്മാനം. ഒരേ നമ്പറില്‍ പതിനായിരക്കണക്കിനു രൂപയുടെ ഒറ്റ നമ്പരുകള്‍ കൈക്കലാക്കുന്നവരുണ്ട്. വാട്സാപ് ഉപയോഗിക്കാത്ത വളരെ പരിചിതരായവർക്കു ടിക്കറ്റ് നൽകാറുണ്ട്.

പരിചിതര്‍ വഴി പരിചിതരിലേക്കും വിശ്വസ്തരിലേക്കും മാത്രം നീളുന്ന വില്‍പ്പന ശൃംഖലയാണിത്. കോഴിക്കോട് ജില്ലയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും കച്ചവടം വ്യാപകമാണ്. ബേപ്പൂര്‍, മാറാട്, മാത്തോട്ടം, പന്തീരാങ്കാവ്, പെരുമണ്ണ, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിരവധി തവണ പൊലീസ് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കാരെ പിടികൂടിയിരുന്നു. അനധികൃത ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന സര്‍ക്കാരിനു കോടികളുടെ വരുമാന നഷ്ടമാണുണ്ടാക്കുന്നത്.