Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ, കരുണ ഓർഡിനൻസ് കോടതിയലക്ഷ്യം തന്നെ; സ്റ്റേ നീക്കില്ല

PTI1_12_2018_000153A

ന്യൂഡൽഹി ∙ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് കോടതിയലക്ഷ്യം തന്നെയെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു. കേസ് ഉടനെ തീർപ്പാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ജൂലൈ മൂന്നാം വാരം അന്തിമ വാദത്തിനു പരിഗണിക്കും.

ഓർഡിനൻസിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലിനു ഗവർണർ അംഗീകാരം നൽകുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കണമെന്നു സംസ്ഥാന സർക്കാരിനുവേണ്ടി രഞ്ജിത് കുമാറും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വാദിച്ചു. ഓർഡിനൻസ് സ്റ്റേ ചെയ്തതിനാലാണു ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാതിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, അതാണു ഗവർണറിൽ നിന്നു പ്രതീക്ഷിച്ചതെന്നും സ്റ്റേ ഏർപ്പെടുത്തിയ ഉത്തരവു പരിഷ്കരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെ‍‍ഞ്ച് മറുപടി നൽകി.

ഓർഡിനൻസും ബില്ലും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നും ബില്ലിലെ വ്യവസ്ഥകൾക്കു ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ പിന്നീടു പരിശോധിക്കാവുന്നതാണെന്നും വിദ്യാർഥികളുടെയും കോളജുകളുടെയും അഭിഭാഷകർ വാദിച്ചു. ഇപ്പോൾ തങ്ങളുടെ മുന്നിലുള്ളത് ഓർഡിനൻസ് മാത്രമാണെന്നും നേരത്തേ വിശദമായ വാദത്തിനുശേഷമാണു രണ്ടു കോളജുകളുടെയും കാര്യത്തിൽ തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു. കോടതി നടപടികൾ ദുരുപയോഗിക്കുന്ന രീതി ജുഡീഷ്യറിയെ തകർക്കുമെന്നും കോടതി കഴിഞ്ഞാലുടനെ ടിവി സ്റ്റുഡിയോകളിലേക്ക് ഓടാനും ജഡ്ജിമാരെ അധിക്ഷേപിക്കാനുമാണു ചില അഭിഭാഷകർ പോലും ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു.