Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ ഇരട്ടത്താപ്പിനു തിരിച്ചടി; മാനേജ്മെന്റിനു താക്കീത്

Supreme Court of India

തിരുവനന്തപുരം∙ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ക്രമക്കേട് തടയുന്നതിനു നിയമാനുസൃതമായ കമ്മിറ്റി രൂപീകരിക്കുകയും അതേസമയം തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി ഓർഡിനൻസ് കൊണ്ടുവരികയും ചെയ്ത സർക്കാരിനുള്ള തിരിച്ചടിയാണു കണ്ണൂർ, കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതി വിധി.

രണ്ടു കോളജുകളുടെയും ഇപ്പോഴത്തെ സ്ഥിതിക്ക് ഈ വിധി മൂലം കാര്യമായ മാറ്റമൊന്നും ഉണ്ടാവില്ല. സ്വാശ്രയ മേഖലയിലെ തട്ടിപ്പുകൾക്കു രാഷ്ട്രീയക്കാർ കക്ഷിഭേദമെന്യേ പിന്തുണ നൽകിയാലും കോടതി കർശന നിലപാട് സ്വീകരിക്കുമെന്ന സൂചന കൂടിയാണിത്. നിയമവിരുദ്ധമെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞ ഓർഡിനൻസാണ് സർക്കാർ ഇറക്കിയത്. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഇത്തരമൊരു ഓർഡിനൻസിന് എതിരായിരുന്നുവെങ്കിലും രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇറക്കിയത്. അതിനു പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ലഭിച്ചു.

പിന്നീട് ഇതു നിയമസഭയിൽ ബിൽ ആയി പാസാക്കിയെങ്കിലും സുപ്രീം കോടതിയുടെ പ്രതികൂല പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ പി.സദാശിവം തടയുകയായിരുന്നു. പ്രവേശന മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിർദേശം ലംഘിച്ചു രണ്ടു കോളജ് മാനേജ്മെന്റുകളും പ്രവേശനം നൽകിയ വിദ്യാർഥികളെയാണു കമ്മിറ്റി പുറത്താക്കിയത്.

ഈ തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നു വിദ്യാർഥികളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു. ഇതു സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പകരം ബില്ലിനു ഗവർണറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതോടെ അന്നുതന്നെ ഈ നിയമം ഇല്ലാതായി. ഇന്നലത്തെ വിധിയോടെ അതു പൂർണവുമായി. ഈ വിദ്യാർഥികളിൽനിന്നു വാങ്ങിയ അമിത തുക ഇരട്ടിയായി മടക്കിനൽകണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നൽകണമെന്നും കോടതി പറഞ്ഞതു പാലിക്കാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളജിൽ ഇക്കൊല്ലം പ്രവേശനം നടത്തിയിട്ടില്ല. അതേസമയം, കരുണയിൽ പ്രവേശനം നടത്തിയിട്ടുണ്ട്.

related stories