Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ മെഡിക്കൽ കോളജിലെ തലവരിപ്പണം: സിബിഐ അന്വേഷണമെന്ന് സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ കണ്ണൂർ മെഡിക്കൽ‍ കോളജിൽ 2016–17ൽ പ്രവേശനം നേടിയ വിദ്യാർഥികളോടു തലവരിപ്പണം വാങ്ങിയതിനെക്കുറിച്ചു സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നു സുപ്രീം കോടതി വാക്കാൽ സൂചിപ്പിച്ചു. 35 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിദ്യാർഥികളിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണു പ്രവേശന മേൽനോട്ട സമിതിയുടെ കണ്ടെത്തൽ.

വിദ്യാർഥികളുടെ പരാതികളുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ‍ സമിതിയോടു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പണം ഇരട്ടിയായി തിരികെ നൽകണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകണമെന്നും മറ്റും കഴിഞ്ഞ 29നു കോടതി നിർദേശിച്ചിരുന്നു. നിർദേശം പാലിച്ചെന്നും ഈ വർഷത്തേക്കു വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നുമാണു കോടതിയോടു കോളജ് അപേക്ഷിച്ചത്. കേസ് 26നു വീണ്ടും പരിഗണിക്കും.

പണം പൂർണമായി തിരികെ നൽകാത്തതിനാൽ കോളജിന്റെ അഫിലിയേഷൻ പിൻവലിക്കണമെന്ന തങ്ങളുടെ ശുപാർശയിൽ മാറ്റം പാടില്ലെന്നാണു സമിതിയുടെ നിലപാട്. കോളജിനുവേണ്ടി മുകുൾ റോഹത്ഗിയും കൃഷ്ണൻ വേണുഗോപാലും ദീപക് പ്രകാശും മേൽനോട്ട സമിതിക്കുവേണ്ടി സ്റ്റാൻ‍ഡിങ് കൗൺസൽ സി.കെ.ശശിയും സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.

മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ

10 ലക്ഷം രൂപ വീതമാണു തങ്ങൾ വിദ്യാർഥികളോടു വാങ്ങിയതെന്നും അത് 20 ലക്ഷം വീതമായി തിരികെ നൽകിയെന്നുമാണു കോളജ് വ്യക്തമാക്കിയത്. എന്നാൽ‍, വിദ്യാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ മേൽനോട്ട സമിതി തയാറാക്കിയ റിപ്പോർട്ടിലെ വസ്തുതകൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. വിദ്യാർഥികളെ പുറത്താക്കിയതിനാലാണു പണം തിരികെ നൽകാൻ നിർദേശമുണ്ടായത്.

റിപ്പോർ‍ട്ടിലെ പരാമർശങ്ങൾ ഇങ്ങനെ:

∙ വിദ്യാർഥികളിൽനിന്നു 35 ലക്ഷം മുതൽ‍ ഒരുകോടി രൂപ വരെ ഈടാക്കി.

∙ കോടതിയുടെ നിർദേശത്തിനു മുൻപു 14 വിദ്യാർഥികളുടെ പണം തിരികെ നൽകി. കോടതിയുടെ നിർദേശാനുസരണം കൂടുതൽ തുക നൽകിയിട്ടില്ല. 

∙ ഒരു പൈസ പോലും തിരികെ ലഭിച്ചിട്ടില്ലെന്ന് 25 വിദ്യാർഥികൾ പരാതിപ്പെട്ടു.

∙ ഭാഗികമായി മാത്രം പണം തിരികെ ലഭിച്ച 101 വിദ്യാർഥികളുണ്ട്. 

∙ തുകയുടെ കാര്യത്തിൽ ഒരു വിദ്യാർഥിയുടെ കാര്യത്തിൽ മാത്രമേ തർക്കമുള്ളൂവെന്നാണു കോളജിന്റെ നിലപാട്. അതിനാൽ തന്നെ കോടതിയുത്തരവ് കോളജ് പൂർണമായി പാലിച്ചിട്ടില്ല.

related stories