ന്യൂഡൽഹി∙ കണ്ണൂർ മെഡിക്കൽ കോളജിൽ ഈ വർഷവും പ്രവേശനത്തിന് അനുമതിയില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി. തലവരിപ്പണം വാങ്ങിയതിനെക്കുറിച്ചും തിരികെ നൽകിയതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിനും സുപ്രീം കോടതി ഉത്തരവിട്ടു. പ്രവേശന മേൽനോട്ട സമിതി ഇതുസംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നാണു നിർദേശം.
കണ്ണൂർ മെഡിക്കൽ കോളജിൽ 2016-17 വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്നു 35 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാങ്ങിയെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. വിദ്യാർഥികളിൽനിന്നു വാങ്ങിയ പണം ഇരട്ടിയായി തിരിച്ചുനൽകണമെന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നു.
വിദ്യാർഥികളിൽനിന്നു വാങ്ങിയതു 10 ലക്ഷം വീതമാണെന്നും 20 ലക്ഷമായി മടക്കി നൽകിയെന്നുമായിരുന്നു കോളജ് അധികൃതർ അറിയിച്ചത്.
എന്നാൽ 25 വിദ്യാർഥികൾ തങ്ങൾക്ക് ഒരു പൈസ പോലും തിരികെ ലഭിച്ചില്ലെന്നു പരാതിപ്പെട്ടിരുന്നു. ഭാഗികമായി പണം ലഭിച്ച 101 വിദ്യാർഥികളുണ്ടെന്നാണു കണക്ക്. ഈ പൊരുത്തക്കേടിനെക്കുറിച്ചു പരാമർശിക്കുമ്പോഴാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
പ്രവേശന സമയ കാലാവധി കഴിഞ്ഞുവെന്നതു ചൂണ്ടിക്കാട്ടിയാണ് ഈ വർഷം പ്രവേശനം നടത്താൻ പാടില്ലെന്നു കോടതി വ്യക്തമാക്കിയത്.