Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ, കരുണ ഓർഡിനൻസിന് അന്ത്യവിധി

PTI1_12_2018_000144B

ന്യൂഡൽഹി∙ പാലക്കാട് കരുണ, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയ 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. ഓർഡിനൻസ് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ‍ (എംസിഐ) നൽകിയ ഹർജിയിലാണു നടപടി. ഭരണഘടനാവിരുദ്ധമായതിനാൽ‍ ഓർഡിനൻസ് റദ്ദാക്കുന്നതായി മാത്രമാണു കോടതിയിൽ വ്യക്തമാക്കിയത്. വിധിപ്പകർപ്പ് പരസ്യപ്പെടുത്തിയിട്ടില്ല.

ഓർഡിനൻസ് ഏപ്രിൽ അഞ്ചിനു കോടതി സ്റ്റേ ചെയ്തിരുന്നു. അതിനു തലേന്ന് ഓർ‍ഡിനൻസിനു പകരമായി നിയമസഭ ബിൽ പാസാക്കിയെങ്കിലും ഒപ്പുവയ്ക്കാൻ‍ ഗവർണർ തയാറായില്ല. ഗവർണർ അംഗീകരിക്കാത്ത ബില്ലിലെ വ്യവസ്ഥകൾ കോടതി പരിഗണിച്ചതുമില്ല.

പുറത്താക്കപ്പെട്ട വിദ്യാർഥികൾ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പഠനം തുടരുന്നത് അനുവദിക്കാൻ‍ പാടില്ലെന്നു കോളജുകളോടു കോടതി ഏപ്രിലിൽ തന്നെ വ്യക്തമാക്കിയിരുന്നു. കണ്ണൂർ കോളജിലെ 150 പേരുടെയും കരുണ കോളജിലെ 30 പേരുടെയും പ്രവേശനമാണു റദ്ദായത്. പ്രവേശനത്തിനു യോഗ്യരെന്ന് എൻട്രൻസ് കമ്മിഷണറും മേൽനോട്ട സമിതിയും കണ്ടെത്തിയ കരുണയിലെ 30 വിദ്യാർഥികൾക്കു യോഗ്യതാപരീക്ഷ എഴുതാതെ 2017–18ൽ‍ പ്രവേശനം നൽകാമെന്നു സുപ്രീം കോടതി മുൻപു വ്യക്തമാക്കിയിരുന്നു. ഇവരിൽ ചിലർ  പ്രവേശനം നേടുകയും ചെയ്തിരുന്നു.

മെഡിക്കൽ കൗൺസിൽ അഴിമതിപ്രസ്ഥാനം: സുപ്രീം കോടതി

ന്യൂഡൽഹി∙ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അഴിമതിപ്രസ്ഥാനമാണെന്നും ഒരു വ്യക്തിയാണു പുറത്തുനിന്നു പ്രവർത്തനം നിയന്ത്രിക്കുന്നതെന്നും സുപ്രീം കോടതി. 

തൊടുപുഴ അൽ അസ്ഹർ, വർക്കല എസ്.ആർ., പാലക്കാട് പി.കെ.ദാസ്, ഡി.എം. വയനാട് എന്നീ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനെതിരെ എംസിഐ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു രൂക്ഷവിമർശനം. എംസിഐയെ ഇങ്ങനെ തുടരാൻ അനുവദിച്ചുകൂടാ. വിദ്യാഭ്യാസം കച്ചവടമായി. തലവരിപ്പണം യാഥാർഥ്യം തന്നെ. – കോടതി പറഞ്ഞു. 

മന്ത്രി കെ.കെ. ശൈലജ

ഓർഡിനൻസ് നിലനിൽക്കുമോയെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ ഭാവി മാത്രം കരുതിയാണ് ഇറക്കിയത്. വിധിയെ സ്വാഗതം ചെയ്യുന്നു. അനുസൃതമായ തീരുമാനമെടുക്കും.  

related stories