പാലക്കാട്∙ കിഴക്കൻ അട്ടപ്പാടിയിൽ ചന്ദനമരങ്ങളുള്ള 1600 ഹെക്ടർ വനപ്രദേശം പ്രത്യേക സംരക്ഷിതമേഖലയാക്കാൻ നടപടി ആരംഭിച്ചു. ഇടുക്കിയിലെ മറയൂർ ചന്ദന ഡിവിഷൻ മാതൃകയിലാണു സംവിധാനം.
മറയൂരിൽ പുതിയ തൈകൾ ഉണ്ടാകുന്നതു കുറയുകയും അട്ടപ്പാടി പുതൂർ, അഗളി വനംറേഞ്ചിൽ വലിയതോതിൽ അവ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി. ചന്ദനമരമോഷണവും ഇവിടെ വ്യാപകമാണ്. ചെറുതുൾപ്പെടെ പ്രകൃതിദത്തമായി വളർന്ന എതാണ്ട് 80,000 ചന്ദനച്ചെടികൾ പ്രദേശത്തുണ്ടെന്നാണു വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ മുഖ്യവനപാലകൻ പി.കെ.കേശവൻ സംരക്ഷിതമേഖലാ പദ്ധതിയെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 2006 ലാണു 1500 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതിദത്ത ചന്ദനമരങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് ആദ്യമായി മറയൂരിൽ പ്രത്യേക ചന്ദന ഡിവിഷൻ ആരംഭിച്ചത്. അതേ കാലാവസഥയും ഭൂഘടനയുമാണു കിഴക്കൻ അട്ടപ്പാടിയിലേതും.
ചന്ദനമേഖല 60 ഏക്കറുളള ബ്ലോക്കുകളാക്കി തിരിച്ചാണു സംരക്ഷിത മേഖലയാക്കുക. ഡപ്യൂട്ടി റേഞ്ചർമാർക്കാകും മേൽനോട്ടച്ചുമതല. ആദിവാസി യുവാക്കളെ ദിവസവേതനത്തിനു നിയമിക്കും. ചന്ദനമോഷണം തടയാനും തൈകളുടെ സംരക്ഷണത്തിനുമായി മൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടാത്ത വിധത്തിൽ 100 കിലോമീറ്ററിൽ കമ്പിവേലി നിർമിക്കും. ഒന്നര ആൾ പൊക്കത്തിലുള്ള വേലിക്കു കിലോമീറ്ററിനു 35 ലക്ഷം രൂപയാണു നിർമാണച്ചെലവ്. റേഞ്ച് ഒാഫിസറുടെ നേതൃത്വത്തിൽ ചന്ദനമര സംരക്ഷണസംഘത്തെ നിയമിക്കാനും നിർദേശമുണ്ട്. വനംവകുപ്പിന്റെ സാൻഡൽ ഡോഗ് സ്ക്വാഡും ഉണ്ടാകും.