അഗളി∙ ആറു മാസം പ്രായമായ ആദിവാസി കുട്ടി ചികിൽസയ്ക്കായി യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് അട്ടപ്പാടിയിൽ മരിച്ചു. പുതൂർ പഞ്ചായത്തിലെ മേലെ മുള്ളി പ്രാക്തന ഗോത്ര ഊരിലെ ദമ്പതികളുടെ ആൺകുട്ടിയാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. താഴെ മുള്ളിയിൽ നിന്നു മേലെ മുള്ളിയിലേക്കുള്ള മൂന്നു കിലോമീറ്റർ റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിർമാണം നടക്കുകയാണ്. അങ്ങോട്ടു വാഹനം കൊണ്ടുവരാൻ കഴിയാഞ്ഞതിനാലാണ് ആശുപത്രിയിലെത്തിക്കാൻ പറ്റാഞ്ഞത്.
ആനയിറങ്ങുന്ന പ്രദേശമായതിനാൽ കുട്ടിയെ എടുത്ത് കാൽനടയായി ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല. പനി ബാധിച്ച് ഒരാഴ്ച മുൻപുവരെ ചികിൽസയിലായിരുന്നു കുട്ടി. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ജനുവരിയിൽ ഊരിലെ വീട്ടിലായിരുന്നു ജനനം. 2.1 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. മരിക്കുമ്പോൾ നാലു കിലോ ഉണ്ടായിരുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. മാസങ്ങളായി റോഡുപണിയുടെ പേരിൽ ഊരിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.