അഗളി∙ അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. വെള്ളിയാഴ്ച രണ്ട് ആദിവാസി കുട്ടികൾ അട്ടപ്പാടിയിൽ മരിച്ചു. കള്ളക്കര ഊരിലെ 17 ദിവസം പ്രായമായ പെൺകുഞ്ഞും ചിണ്ടക്കി ഊരിലെ 16 ദിവസം പ്രായമായ പെൺകുഞ്ഞുമാണു മരിച്ചത്.
കള്ളക്കരയിലെ കുട്ടി മുലപ്പാൽ ശ്വാസകോശത്തിൽ കയറിയാണു മരിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ജന്മനാ തൂക്കത്തിൽ കുറവുള്ള ഇരട്ടക്കുട്ടികളിൽ ഒരാളാണ് ചിണ്ടക്കിയിൽ മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു കുട്ടി.
ഒക്ടോബർ 13ന് ചിണ്ടക്കിയിൽ ആറു ദിവസം പ്രായമായ കുഞ്ഞും 15ന് മഞ്ചിക്കണ്ടിയിൽ 35 ദിവസം പ്രായമായ കുഞ്ഞും മരണപ്പെട്ടിരുന്നു. ഇതോടെ ഈ വർഷം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 10 ആയി. ഇതില്‍ ആറു കുട്ടികൾ മുലപ്പാൽ ശ്വാസകോശത്തിൽ ചെന്നും നാലു പേർ ആന്തരിക അവയവങ്ങളിലെ വൈകല്യം കാരണവുമാണു മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.